പുതുച്ചേരിയിൽ ഭരണ പ്രതിസന്ധി; ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു
text_fieldsപുതുച്ചേരി: നാരായണസ്വാമി സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവെച്ചു. രാജ് ഭവൻ മണ്ഡലം എം.എൽ.എയായ ലക്ഷ്മി നാരായണനാണ് രാജിവെച്ചത്. ഇതോടെ കോൺഗ്രസ് സഖ്യത്തിലെ എം.എൽ.എമാരുടെ എണ്ണം 13ആയി കുറഞ്ഞു. കാമരാജർ നഗർ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന എ. ജോൺകുമാർ ചൊവ്വാഴ്ച രാജിവെച്ചതോെട സർക്കാറിന് കേവല ഭൂരിപക്ഷം നഷ്പ്പെട്ടിരുന്നു.
മന്ത്രി എ. നമശിവായം ഉൾപ്പെടെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ നേരത്തെ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. നിലവിൽ നോമിനേറ്റ് ചെയ്തവർ ഉൾപ്പെടെ 28 അംഗങ്ങളിൽ ഭരണമുന്നണിക്ക് 13 എം.എൽ.എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. 33 അംഗസഭയിൽനിന്ന് സംഘടന വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസിലെ ധനവേലുവിനെ നേരത്തെ അയോഗ്യനാക്കിയിരുന്നു.
കഴിഞ്ഞദിവസം പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അണ്ണാ ഡി.എം.കെയിലെ വി. മണികണ്ഠൻ, എ. ഭാസ്കർ, എൻ.ആർ. കോൺഗ്രസിലെ എൻ.എസ്. ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ നിർദേശ പ്രകാരമാണ് സുരക്ഷ നൽകിയത്. എം.എൽ.എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി വി. നാരായണ സാമി അറിയിച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി വി. നാരായണ സാമി, എ.െഎ.സി.സി നിരീക്ഷകൻ ദിനേഷ് ഗുണ്ടുറാവു എന്നിവർ മന്ത്രിമാരും എം.എൽ.എമാരുമായി കൂടിയാലോചന നടത്തി. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നാരായണ സാമി സർക്കാർ രാജിെവക്കണമെന്നും ഭൂരിപക്ഷം തെളിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നമശിവായത്തെ കോൺഗ്രസ് ദേശീയ നേതൃത്വം വിശ്വാസത്തിലെടുക്കാത്തതാണ് പാർട്ടിയെ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് നയിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി നമശിവായത്തെ മുൻനിർത്തിയാണ് പ്രചാരണം നടത്തിയത്. കോൺഗ്രസ്- ഡി.എം.കെ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നാരായണ സാമിയെ ഹൈകമാൻഡ് മുഖ്യമന്ത്രിയാക്കി.
ഇതിനുശേഷം നമശിവായത്തെ മന്ത്രിസഭയിലുൾപ്പെടുത്തിയെങ്കിലും അദ്ദേഹം അതൃപ്തിയിലായിരുന്നു. ഒരു വർഷം മുമ്പ് അദ്ദേഹത്തെ പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റി. ഇതേ തുടർന്ന് പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജനുവരി 25ന് ഇദ്ദേഹം മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവെച്ചു. നാലുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും മൂന്നു തവണ മന്ത്രിയുമായ നമശിവായം നാലര വർഷം പുതുച്ചേരി കോൺഗ്രസ് അധ്യക്ഷനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.