ഒരാൾ തന്‍റെ പോരാട്ടങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം; പ്രതിപക്ഷം എന്നത് ജനങ്ങളുടെ ശബ്ദം -രാഹുൽ ഗാന്ധി
text_fieldsഡാലസ് (യു.എസ്): ഒരാൾ തന്‍റെ പോരാട്ടങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം എന്നത് ജനങ്ങളുടെ ശബ്ദമാണെന്നും ഡാലസിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
'സംസാരിക്കുന്നതിനേക്കാൾ 'കേൾക്കുക' എന്നതാണ് വളരെ പ്രാധാനമാണെന്നാണ് എന്‍റെ നിഗമനം. എന്നെ നിങ്ങളുടെ സ്ഥാനത്ത് നിർത്തുക എന്നതാണ് 'കേൾക്കുക' എന്നത് കൊണ്ട് അർഥമാക്കുന്നത്. ഒരു കർഷകർ എന്നോട് സംസാരിക്കുകയാണെങ്കിൽ ഞാൻ അവരുടെ ദൈനംദിന ജീവിതത്തോടൊപ്പം സഞ്ചരിക്കാനും അവർ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കാനും ശ്രമിക്കും.
'കേൾക്കുക' എന്ന അടിസ്ഥാന കാര്യമാണ്, തുടർന്ന് ആഴത്തിൽ മനസിലാക്കുക. ഒരാൾ ഓരോ വിഷയവും ഉന്നയിക്കാൻ പാടില്ല. നിങ്ങൾ പ്രധാനപ്പെട്ട വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി പോരാടുകയും ചെയ്യുക. ഒരാൾ തന്‍റെ പോരാട്ടങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം' -രാഹുൽ ഗാന്ധി വ്യക്തമാക്കി.
'ജനങ്ങളുടെ ശബ്ദ'മാണ് പ്രതിപക്ഷം. പാർലമെന്‍റ് നടക്കുന്ന ദിനങ്ങളിൽ തുടർച്ചയായി സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. അല്ലാത്തപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ 'എവിടെ', 'എങ്ങനെ' എനിക്ക് ഉന്നയിക്കാമെന്നുള്ളതാണ്. നിങ്ങൾ ഒരു വ്യക്തി, സംഘം, വ്യവസായം, കർഷകർ എന്നിവരുടെ വീക്ഷണകോണിൽ ചിന്തിക്കുക എന്നതാണ് പ്രധാന കാര്യം. ഒരാൾ വിഷയത്തെ ശ്രദ്ധയോടെ കേട്ട് മനസിലാക്കിയ ശേഷം വേഗത്തിൽ ഇടപെടണമെന്നും രാഹുൽ വ്യക്തമാക്കി.
ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പാണ് പ്രവാസി സമൂഹവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയത്. ലോക്സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി അർഥവത്തായ ചർച്ചകളിലും സംഭാഷണങ്ങളിലും ഏർപ്പെടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രാഹുൽ എക്സിൽ കുറിച്ചത്.
ഡാലസിലെ ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രവാസി ഇന്ത്യക്കാരെ രാഹുൽ അഭിസംബോധന ചെയ്യുന്നത്. അമേരിക്കൻ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. സെപ്റ്റംബർ ഒമ്പതിനും പത്തിനും വാഷിങ്ടൺ ഡിസിയിലെ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.