എല്ലാം ഒന്നു മതി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇനി ഒറ്റ തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്കുള്ള നിയമഭേദഗതികൾ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ‘ഒരു രാജ്യം ഒരു സിവിൽ കോഡിലേക്ക്’ രാജ്യം നീങ്ങുകയാണെന്നും മോദി വ്യക്തമാക്കി. ‘സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 149ാം ജന്മവാർഷികാചരണ ചടങ്ങിലാണ് മോദി ഇക്കാര്യം ആവർത്തിച്ചത്.
രാജ്യത്തിന് ഇനി ഒരേയൊരു അസ്തിത്വം
ഒരു രാജ്യത്തിന് ഒരു റേഷൻ കാർഡ്, ഒരു ആധാർ കാർഡ്, ഒരു നികുതി എന്നിവപോലെ സിവിൽ കോഡിലും രാജ്യത്തിന് ഒരു അസ്തിത്വം മതിയെന്നാണ് പ്രധാനമന്ത്രി അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ വിഷയങ്ങളിൽ നിലവിൽ വ്യത്യസ്ത മത -ജാതി സമൂഹങ്ങൾക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങൾ ഉള്ളത് ഒഴിവാക്കി മത- ജാതി ഭേദമന്യേ എല്ലാവർക്കും ഒരേ വ്യക്തിനിയമം നിർബന്ധമാക്കുകയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
ആവശ്യമില്ലെന്ന് നിയമ കമീഷൻ; വീണ്ടും പരിശോധിക്കാൻ കേന്ദ്രം
2016ൽ നരേന്ദ്ര മോദി സർക്കാർ 21ാം നിയമ കമീഷനോട് ഇക്കാര്യത്തിൽ അഭിപ്രായം തേടിയപ്പോൾ ഇന്ത്യക്ക് ഏക സിവിൽകോഡ് നിർബന്ധമല്ലെന്നായിരുന്നു മറുപടി. മതേതരത്വവും വൈവിധ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലില്ലെന്നും രാജ്യത്തിന് ഇപ്പോൾ അതൊരു ആവശ്യമോ അഭികാമ്യമായ സംഗതിയോ അല്ലെന്നും നിയമ കമീഷൻ വ്യക്തമാക്കി. അനുകൂല മറുപടി കിട്ടാനാകണം 22ാം നിയമ കമീഷനെയും കഴിഞ്ഞവർഷം ഇതേ വിഷയം പഠിക്കാനേൽപിച്ചു. എന്നാൽ പഠിച്ചുതീരും മുമ്പേ ചെയർപേഴ്സൺ ജസ്റ്റിസ് ഋതു അവസ്തിയെ ലോക്പാലാക്കിയതോടെ നാഥനില്ലാതായ കമീഷന് റിപ്പോർട്ട് നൽകാനായില്ല. പുതുതായി വന്ന 23ാം നിയമ കമീഷനോട് ഏക സിവിൽകോഡിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഏക സിവിൽ കോഡ് നടപ്പാക്കിയവർ
നിലവിൽ ഗോവയിലാണ് പേരിനെങ്കിലും ഏക സിവിൽ കോഡ്. അവിടെ തന്നെ പല കാര്യങ്ങളിലും ഇളവുണ്ട്. ഗോവക്ക് പിന്നാലെ ഉത്തരാഖണ്ഡും ഏക സിവിൽ കോഡ് പാസാക്കി ചട്ടങ്ങൾ തയാറാക്കുകയാണ്. അതേസമയം, ഗോത്രവിഭാഗങ്ങളെ അതിൽനിന്നൊഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ബി.ജെ.പി ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും ഏക സിവിൽ കോഡിലേക്ക് നീങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
അനുകൂല വാദങ്ങൾ
- ക്രിമിനൽ, സിവിൽ നിയമങ്ങൾ ഒന്നായ പോലെ വ്യക്തി നിയമങ്ങളും ഒന്നാകണം
- ഏക സിവിൽ കോഡിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44ാം മാർഗനിർദേശക തത്ത്വത്തിലുണ്ട്.
- ഏക സിവിൽ കോഡ് വേണമെന്ന് ശാബാനു കേസ്, സരള മുദ്ഗൽകേസ് തുടങ്ങി നിരവധി വിധികളിൽ സുപ്രീംകോടതി ആവശ്യപ്പെട്ടു.
എതിർ വാദങ്ങൾ
- ഇന്ത്യയുടെ ബഹുസ്വരതക്ക് ഭംഗം വരുത്തുന്നതാണ്. വിവിധ മതക്കാർക്കിടയിൽ മാത്രമല്ല, ഹിന്ദുമതത്തിലേതുപോലെ ഒരേ മതത്തിനകത്ത് തന്നെ വ്യത്യസ്ത വ്യക്തിനിയമങ്ങളുണ്ട്.
- മാർഗനിർദേശക തത്ത്വങ്ങൾ എന്നത് നിയമപരമായി നടപ്പാക്കാൻ ഭരണകൂടം ബാധ്യസ്ഥമല്ല. നടപ്പാക്കാനാകാത്ത മറ്റു പല മാർഗനിർദേശക തത്ത്വങ്ങളുമുണ്ട്.
- പാർലമെന്റിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമമുണ്ടാക്കാവുന്ന സമാവർത്തി പട്ടികയിലാണ് ഇന്ത്യൻ ഭരണഘടനയിൽ വ്യക്തിനിയമമുള്ളത്. ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളിലുമുള്ള വ്യത്യസ്ത സമുദായങ്ങളെ പരിഗണിച്ചാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.