'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; വോട്ടെടുപ്പിനൊടുവിൽ ബിൽ അവതരിപ്പിച്ചു, ജെ.പി.സിക്ക് വിടുമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ’ ലോക്സഭയിൽ അവതരിപ്പിച്ചുവെങ്കിലും കേന്ദ്ര സർക്കാറിന് തിരിച്ചടി. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലിന് ആവശ്യമായ പിന്തുണയില്ലെന്ന് വെളിപ്പെട്ട സംഭവ വികാസങ്ങൾക്കാണ് ചൊവ്വാഴ്ച ലോക്സഭ സാക്ഷ്യം വഹിച്ചത്.
വോട്ടെടുപ്പിലൂടെ അവതരണാനുമതി ലഭിച്ചുവെങ്കിലും ബിൽ പാസാകാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ ഭരണപക്ഷം പ്രതിരോധത്തിലായി. അതേസമയം, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടണമെന്ന പ്രമേയംകൂടി അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ഭരണപക്ഷത്തിന്റെ മുഖംരക്ഷിച്ചു.
പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവതരണ അനുമതിയും ജെ.പി.സിക്ക് വിടാനുള്ള പ്രമേയവും സ്പീക്കർ ഓം ബിർള ഒരുമിച്ച് വോട്ടിനിട്ടത്. 269 എം.പിമാർ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തിയതോടെത്തന്നെ കാര്യങ്ങൾ വ്യക്തമായി. ബിൽ അവതരിപ്പിക്കാൻ കേവല ഭൂരിപക്ഷം മതിയെങ്കിലും ബിൽ പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അവതരണാനുമതിക്കുള്ള വോട്ടെടുപ്പിൽതന്നെ ആവശ്യമായ പിന്തുണയില്ലെന്ന് തുടക്കത്തിലേ വ്യക്തമായതോടെ ഭരണപക്ഷം പ്രതിരോധത്തിലായി.
ചൊവ്വാഴ്ച സഭയിൽ വന്ന 461 എം.പിമാരിൽ 343 പേരുടെ പിന്തുണ ഭരണഘടന ഭേദഗതി ബിൽ പാസാക്കാൻ വേണം. 269 വോട്ടാണ് അനുകൂലമായി ആകെ അവർക്ക് കിട്ടിയത്. ഇൻഡ്യ സഖ്യകക്ഷികളെല്ലാം ശക്തമായ എതിർപ്പുമായി രംഗത്തുള്ളതിനാൽ ഈ ലോക്സഭയുടെ കാലാവധി തീരും മുമ്പ് ബിൽ പാസാക്കാനാവില്ല.
ഒറ്റ തെരഞ്ഞെടുപ്പിനുള്ള 129ാം ഭരണഘടന ഭേദഗതി ബില്ലിന്റെ അനുബന്ധമായി കേന്ദ്രഭരണ പ്രദേശ ഭേദഗതി ബിൽ -2024 എന്ന ബില്ലും നിയമമന്ത്രി അവതരിപ്പിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളുടെ സ്വഭാവത്തിലുള്ള സമ്പൂർണ അധികാരമില്ലാത്ത സംസ്ഥാനങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ 1963ലെ കേന്ദ്രഭരണ പ്രദേശ നിയമം, 1991ലെ ദേശീയ തലസ്ഥാന പ്രദേശ നിയമം, 2019ലെ ജമ്മു-കശ്മീർ പുനഃസംഘടന നിയമം എന്നിവ ഒരുമിച്ച് ഭേദഗതി ചെയ്യാനുള്ള ബില്ലും ഇതോടൊപ്പം ജെ.പി.സിക്ക് വിട്ടു.
മൂന്ന് ബില്ലുകളും ഫെഡറൽ സംവിധാനം തകർത്ത് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴാളരാക്കുന്നതും തെരഞ്ഞെടുപ്പ് കമീഷന് ഭരണ ഘടന അനുവദിക്കാത്ത അമിതാധികാരം നൽകുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിൽ സംസ്ഥാനങ്ങളുടെ അധികാരം കവർന്ന് ഫെഡറൽ സംവിധാനം തകർക്കുന്നതിനാൽ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷ വിമർശനങ്ങൾ തള്ളി സർക്കാർ ബിൽ അവതരണവുമായി മുന്നോട്ടുപോകുകയായിരുന്നു.
തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറിയ ശേഷമുള്ള ആദ്യ ഇലക്ട്രോണിക് വോട്ടെടുപ്പ് ആണ് ചൊവ്വാഴ്ച ലോക്സഭയിൽ നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ 220- 149 ആയിരുന്നു വോട്ടിങ് ഫലം. പല അംഗങ്ങളുടെയും വോട്ടിങ് പിഴവുമൂലം അവർക്ക് രണ്ടാമത് പേപ്പർ വോട്ടിനുള്ള അനുമതി നൽകി. അവ കൂടി എണ്ണിയപ്പോഴാണ് 269 -198 എന്ന ഫലം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.