ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ ജാലവിദ്യ -ബി.ആർ.എസ്
text_fieldsഹൈദരാബാദ്: ശ്രദ്ധ തിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമാണ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്ന ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയമെന്ന് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്). ഈ വിഷയത്തിൽ ആത്മാർഥതയുണ്ടായിരിന്നുവെങ്കിൽ മോദി ഈ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമായിരുന്നുവെന്നും ബി.ആർ.എസ് ചൂണ്ടിക്കാട്ടി.
ശ്രദ്ധ തിരിക്കൽ രാഷ്ട്രീയത്തിന്റെ ആശാനാണ് മോദിയെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു ആരോപിച്ചു. 'സ്വതന്ത്ര ഇന്ത്യ കണ്ടതിൽ ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് മോദി. അതിനാൽ ജനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പ്രധാനമന്ത്രി ഓരോരോ ഗിമ്മിക്കുകളുമായി രംഗത്തിറങ്ങുകയാണ്.'-കെ.ടി രാമറാവു വാർത്ത സമ്മേളനത്തിൽ പരിഹസിച്ചു.
ഇന്ത്യയിൽ മോദിയുടെ കാലത്താണ് ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞതും പണപ്പെരുപ്പം കുത്തനെ വർധിച്ചതും തൊഴിലില്ലായ്മ നിരിക്ക് വർധിച്ചതും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി ദയനീയമായി പരാജയപ്പെട്ടുവെന്നും രാമറാവു ആരോപിച്ചു. തെലങ്കാനയുടെ രൂപീകരണം മുതൽ സംസ്ഥാനത്തിനെതിരെയാണ് പ്രധാനമന്ത്രിയെന്ന് കെ.ടി.ആർ. പറഞ്ഞു.
അടുത്തിടെ പാർലമെന്റിൽ മോദി നടത്തിയ പരാമർശങ്ങളെ പരാമർശിച്ച്, തെലങ്കാന രൂപീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നിന്ദ്യമായ പരാമർശം നടത്തുന്നത് ഇതാദ്യമല്ലെന്നും ചരിത്രപരമായ വസ്തുതകളോടുള്ള അദ്ദേഹത്തിന്റെ തികഞ്ഞ അവഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപാട് പേരുടെ ത്യാഗപൂർണമായ പോരാട്ടത്തിലൂടെയാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നും കെ.ടി.ആർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.