രാജ്യത്ത് മൂന്നിലൊന്ന് വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ് ബുദ്ധിമുട്ടേറിയതെന്ന് എൻ.സി.ഇ.ആർ.ടി സർവെ
text_fieldsന്യൂഡൽഹി: രാജ്യത്ത് മൂന്നിലൊന്ന് കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ബുദ്ധിമുട്ടേറിയേതാ ഭാരമേറിയേതാ ആണെന്ന് എൻ.സി.ഇ.ആർ.ടി സർവെയിൽ കണ്ടെത്തൽ. ഭൂരിഭാഗം വിദ്യാർഥികൾക്കും ഗണിത ആശയങ്ങൾ മനസ്സിലാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്നും സർവേയിൽ കണ്ടെത്തി. ഇൻറർനെറ്റ് ലഭ്യതയുടെ കുറവ്, വൈദ്യുതി ബന്ധത്തിൽ നേരിടുന്ന തടസം, ലാപ്ടോപ്, സ്മാർട്ട് ഫോൺ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവയാണ് ഓൺലൈൻ ക്ലാസുകളെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങളെന്നാണ് സർവെയിൽ കണ്ടെത്തിയത്.
ഓൺലൈൻ ക്ലാസുകൾക്ക് കുട്ടികൾ ആശ്രയിക്കുന്നത് പ്രധാനമായും മൊബൈൽ ഫോണുകളെയാണെന്നാണ് സർവെയിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും വ്യക്തമാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരുമാണ് സർവെയിൽ പങ്കെടുത്തത്.
കേന്ദ്രീയ വിദ്യാലയങ്ങളിൽ നടന്ന സർവെയിൽ പങ്കെടുത്ത 9000 പേരിൽ ആറ് ശതമാനം പേർ ഓൺലൈൻ പഠനം ഭാരമേറിയതാണെന്ന് പ്രതികരിച്ചപ്പോൾ 24 ശതമാനം പേർ ബുദ്ധിമുട്ടേറിയതാണെന്ന് പ്രതികരിച്ചു. മറ്റുള്ളവർ ഓൺലൈൻ പഠനം തൃപ്തികരവും സന്തോഷപ്രദവുമാണെന്നാണ് പ്രതികരിച്ചത്. അധ്യാപകർക്കും പ്രധാന അധ്യാപകർക്കുമിടയിൽ നടന്ന സർവെയിൽ 10 ശതമാനം പേർ ഓൺലൈൻ പഠനം ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ ഒരു ശതമാനം പേർ മാത്രമാണ് ഭാരമാണെന്ന് അഭിപ്രായപ്പെട്ടത്. മറ്റുള്ളവർ പഠനം തൃപ്തികരമാണെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
സർവെയിൽ പങ്കെടുത്ത 6000 രക്ഷിതാക്കളിൽ 30 ശതമാനം പേരും പ്രതികരിച്ചത് ഓൺലൈൻ പഠനം ഭാരമേറിയതാണെന്നാണ്. മറ്റുള്ളവർ ഇൗ പഠന രീതി തൃപ്തികരമെന്ന് അഭിപ്രായപ്പെട്ടു. ജവഹർ നവോദയ വിദ്യാലയങ്ങളിലെ 4000ത്തിലേറെ വിദ്യാർഥികൾക്കിടയിൽ നടന്ന സർവെയിൽ 28 ശതമാനം പേർ ഓൺലൈൻ വഴിയുള്ള പഠനം ഭാരമേറിയതോ ബുദ്ധിമുട്ടേറിയതോ ആണെന്ന് പ്രതികരിച്ചു. മറ്റുള്ളവർ തൃപ്തികരമെന്നാണ് അഭിപ്രായപ്പെട്ടത്.
സി.ബി.എസ്.ഇ സ്കൂളുകളിലെ 4800 വിദ്യാർഥികളിൽ 12 ശതമാനത്തിനും ഓൺലൈൻ പഠനം ഭാരമാണ്. 26 ശതമാനം പേർക്ക് പഠനം ബുദ്ധിമുട്ടാവുന്നു. 3939 രക്ഷിതാക്കളിൽ 35 ശതമാനം പേർക്കും ഓൺലൈൻ പഠനം ഭാരമേറിയതോ ബുദ്ധിമുട്ടേറിയതോ ആണെന്നാണ് കണ്ടെത്തൽ. മറ്റുള്ളവർ ഇൗ പഠന രീതിയോട് അനുകൂലമായാണ് പ്രതികരിച്ചത്.
മതിയായ ഇൻറനെറ്റില്ലാത്തതും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലുള്ള അറിവില്ലായ്മയും വൈദ്യുതി ബന്ധത്തിലുള്ള തകരാറുമെല്ലാമാണ് വില്ലനാവുന്നത്. 27 ശതമാനം പേർക്കും ലാപ്ടോപ്പോ സ്മാർട്ട് ഫോണോ ഇല്ല. ഗണിതത്തെ കൂടാതെ സയൻസ് ആണ് ഓൺലൈൻ ക്ലാസിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. 17 ശതമാനം പേർക്കും ഭാഷാ വിഷയങ്ങൾ മനസിലാക്കുന്നതിനാണ് ബുദ്ധിമുട്ട് നേരിടുന്നതെന്നും സർവെയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.