നമീബിയയിൽനിന്നെത്തിച്ച ചീറ്റപ്പുലി 'ആശ' ഗർഭിണിയെന്ന് സൂചന
text_fieldsനീണ്ട കാലത്തിന് ശേഷം നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടത്. ചീറ്റകളിൽ ഒന്നിന് മോദി തന്നെ 'ആശ' എന്ന് പേരും നൽകിയിരുന്നു. ബാക്കിയുള്ളവക്ക് പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാം എന്നാണ് മോദി പറഞ്ഞിരിക്കുന്നത്. ചീറ്റകളെ കൊണ്ടുവന്നത് വലിയ രാഷ്ട്രീയ വിജയമായി ബി.ജെ.പി-സംഘ്പരിവാർ കേന്ദ്രങ്ങൾ ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ വാർത്ത പ്രചരിക്കുന്നത്. ചീറ്റകളിൽ ആശ ഗർഭിണിയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ ചീറ്റപ്പുലിയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പ്രത്യേക ശ്രദ്ധയാണ് ഈ ചീറ്റക്ക് നൽകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം.
നമീബിയയിൽനിന്നും എത്തിച്ച എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടത്. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്.
അവസാനമുണ്ടായതെന്നു കരുതപ്പെട്ട മൂന്ന് ചീറ്റകളും 1947ൽ വേട്ടയാടപ്പെട്ടതോടെയാണ് ഇന്ത്യയിൽ ഇവക്ക് വംശനാശം സംഭവിച്ചത്. 1952ൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009ലാണ് ചീറ്റകളെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയത്. അഞ്ച് വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ 'പ്രോജക്ട് ചീറ്റ' ലക്ഷ്യമിടുന്നു.
"ഇത് ശരിയാണ്. അവൾ ഗർഭിണിയായിരിക്കാം. ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല" -ചീറ്റ പ്രോജക്ടിലെ ഡോ. ലോറി മാർക്കർ പറഞ്ഞു. "എന്ത് സംഭവിക്കുമെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. സി.സി.എഫ് ഉൾപ്പെടുന്ന കുനോയിലെ പ്രോജക്ട് ചീറ്റ ടീം ഒരുങ്ങിയിരിക്കുകയാണ്. അവൾക്ക് കുഞ്ഞുങ്ങളുണ്ടാകുമെങ്കിൽ, ഇത് നമീബിയയിൽ നിന്നുള്ള മറ്റൊരു സമ്മാനമായിരിക്കും. ഇത് ഉറപ്പാണോ എന്ന് ഞങ്ങൾ ഉടൻ അറിയും. പക്ഷേ അവൾ ഗർഭിണിയായിരിക്കാൻ സാധ്യതയുണ്ട്'' -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.