ഒരു കോവിഡ് ആശുപത്രി; ഒറ്റ ആർ.ടി -പി.സി.ആർ പരിശോധനകേന്ദ്രം; കോവിഡിനോട് പോരാടി ത്രിപുര
text_fields
അഗർത്തല: കോവിഡ് വ്യാപനത്തിെൻറ സഹാചര്യത്തിലും ത്രിപുരയിലുള്ളത് ഒരു കോവിഡ് ആശുപത്രിയും ഒറ്റ ആർ.ടി -പി.സി.ആർ പരിശോധനകേന്ദ്രവും മാത്രം. സംസ്ഥാനത്തുള്ള ഏക കോവിഡ് ആശുപത്രിയാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലാണ്. ത്രിപുര സർക്കാറിെൻറ അവഗണനക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഹൈകോടതി വെള്ളിയാഴ്ച സ്വമേധയാ കേസെടുത്തു. ചികിത്സാ കേന്ദ്രങ്ങളുടെ വിശദമായ വിവരങ്ങൾ, കോവിഡിനെ നേരിടാൻ സജ്ജമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ, മരുന്നുകൾ, ആരോഗ്യപ്രവർത്തകരുടെ എണ്ണം, ലഭിക്കുന്ന ഫണ്ട് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കി സെപ്റ്റംബർ 18നകം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
അഗർത്തല ഗവൺമെൻറ് മെഡിക്കൽ കോളേജിൽ (എ.ജി.എം.സി) അറ്റാച്ചുചെയ്ത ഗോവിന്ദ് ബല്ലഭ് പന്ത് (ജി.ബി.പി) ആശുപത്രിയാണ് സംസ്ഥാനത്തെ ഏക കോവിഡ് ആശുപത്രി. 6800ലധികം കോവിഡ് രോഗികളുള്ള സംസ്ഥാനത്ത് , ആശുപത്രികളിലും കോവിഡ് സെൻററുകളിലുമായി 2,865 കിടക്കകളാണ് രോഗബാധിതർക്കായി ഉള്ളത്.
സംസ്ഥാനത്ത് ലഭ്യമായ 19 വെൻറിലേറ്ററുകളും അഗർത്തലയിലെ ജി.ബി.പി ആശുപത്രിയിലാണ്. 240 കിടക്കകൾ ഒരുക്കാൻ ശേഷിയുള്ള ജി.ബി.പി ആശുപത്രിയിൽ 279 രോഗികൾ ചികിത്സയിലുണ്ട്.
പുറത്തുവന്ന ജി.ബി.പി ആശുപത്രി ദൃശ്യങ്ങളിൽ പോളിത്തീൻ ബാഗുകളിലാക്കിയ മൃതദേഹങ്ങൾ നിലത്ത് വെച്ചിരിക്കുന്നതും കാണാം. മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ കുറവും നേരിടുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. രണ്ട് മൃതദേഹങ്ങൾ കൊണ്ടുപോകാവുന്ന ഒരു ആംബുലൻസാണ് ആശുപത്രിക്കുള്ളത്. അതുകൊണ്ടാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകുന്നതിന് വൈകുന്നതെന്നും അവർ പറയുന്നു.
കോവിഡ് രോഗികളെ ചികിത്സിക്കുന്നത് പര്യാപ്തമായ തോതിൽ ഡോക്ടർമാരും നഴ്സുമാരുമില്ല. ആളുകൾ സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങി പോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് സെപ്തംബർ ഏഴിന് ആശുപത്രി സന്ദർശിച്ച ബിജെപി എം.എൽ.എ സുദീപ് റോയ് ബർമൻ ആരോപിച്ചു.
ആഗസ്റ്റ് ഒന്നു മുതൽ ത്രിപുരയിൽ കോവിഡ് കേസുകൾ കുത്തനെ കുതിച്ചുയർന്നിരുന്നു. കോവിഡ് മരണം 24ൽ നിന്ന് 182ആയി ഉയർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആസാമിന് ശേഷം ഏറ്റവും കൂടുതൽ മരണമുണ്ടായത് ത്രിപുരയിലാണ്. 35 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത്, കോവിഡ് പോസിറ്റീവ് നിരക്ക് 2.1 ശതമാനത്തിൽ നിന്ന് 5.39 ശതമാനമായി ഉയർന്നു. ത്രിപുര 10 ലക്ഷം പേരിൽ പരിശോധന നടത്തുേമ്പാൾ 88,000ൽ അധികം പേർ കോവിഡ് പോസിറ്റീവാകുന്നു. കൂടുതലും ദ്രുത ആൻറിജൻ പരിശോധനകളാണ് നടത്തുന്നത്. കൂടുതൽ കൃത്യമായ ഫലം ലഭിക്കുന്ന ആർ.ടി-പി.സി.ആർ ടെസ്റ്റിനായി അഗർത്തല സർക്കാർ മെഡിക്കൽ കോളജിൽ ഒരു കോവിഡ് ലബോറട്ടറി മാത്രമേയുള്ളൂ.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ചുമതലയുള്ളത് മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബിനാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രികളുടെ സൗകര്യം വർധിപ്പിച്ച് കോവിഡ് ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.