‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ : പറയാൻ എളുപ്പം, പ്രയോഗം പ്രയാസം
text_fieldsന്യൂഡൽഹി: പറയാൻ എളുപ്പമുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അജണ്ടയുടെ പ്രയോഗവത്കരണം പ്രയാസകരമാണെന്നാണ് ഇതിനകം സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, 2014ൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നിട്ടും ഏക സിവിൽ കോഡിനെ പോലെ നടപ്പാക്കാൻ കഴിയാതിരുന്ന വാഗ്ദാനം അന്നുതൊട്ടേ സജീവ ചർച്ചയാക്കി നിലനിർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പെങ്കിലും അത് നടപ്പാക്കുമോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.
ഭരണഘടന ഭേദഗതികൾ അടക്കം നിരവധി നിയമനിർമാണങ്ങളും കോടികൾ ചെലവു വരുന്ന പശ്ചാത്തല സൗകര്യങ്ങളും കാലാവധി തീരാത്ത നിരവധി നിയമസഭകളുടെ പിരിച്ചുവിടലും പ്രതിപക്ഷവുമായി സമവായത്തിന് വിശദമായ കൂടിയാലോചനയും അനിവാര്യമാകുന്ന പ്രക്രിയക്ക് ഏറെ സമയമെടുക്കും.
ഭരണഘടനയുടെ 83 (2), 85 (2) ബി, 172 (1), 174 (2) ബി, 356 അനുഛേദങ്ങൾ ഇതിനായി ഭേദഗതി ചെയ്യാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. പാർലമെന്റ് അവ പാസാക്കിയാലും രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണം. അതിന് കഴിഞ്ഞാലും 25 ലക്ഷം ഇലക്ട്രോണിക് വോട്ടുയന്ത്രവും 25 ലക്ഷം വിവിപാറ്റും ഒരുക്കണം. നിലവിൽ 12 ലക്ഷം വോട്ടുയന്ത്രങ്ങളാണ് കമീഷനുള്ളത്. 2015ൽ കോൺഗ്രസ് നേതാവ് സുദർശൻ നാച്ചിയപ്പൻ അധ്യക്ഷനായ പാർലമെന്ററി സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രയോഗവത്കരിക്കുന്നതിലെ പ്രായോഗിക വിഷമതകൾ ചൂണ്ടിക്കാട്ടിയിരുന്നു.
2018ൽ നല്ല ആശയമാണിതെന്ന് അഭിപ്രായപ്പെട്ട നിയമ കമീഷൻ, ഭരണഘടനക്കകത്തു നിന്നുകൊണ്ട് ഇത് നടപ്പാക്കാൻ വിശദമായ ചർച്ച അനിവാര്യമാണെന്ന് വ്യക്തമാക്കി. എന്നാൽ, 2019ൽ രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഈ ലക്ഷ്യം യാഥാർഥ്യമാക്കാൻ ഒരു സമിതിയുണ്ടാക്കുമെന്നും വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. നിരവധി പ്രതിപക്ഷ പാർട്ടികൾ ഇതിനെ എതിർത്തുവെങ്കിലും അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനൊപ്പം നിന്നു. നിതി ആയോഗ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്റോയ് എന്നിവരും ബി.ജെ.പി അജണ്ടക്കായി രംഗത്തുവന്നു.
ഇപ്പോൾ സമിതി അധ്യക്ഷനായി മാറിയ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കെ രണ്ടു തവണ ഇതേ ആവശ്യമുന്നയിച്ചിരുന്നു. 2018ലും 2019ലും രാഷ്ട്രപതിയായിരിക്കെ സെൻട്രൽ ഹാളിൽ സംയുക്ത പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു അത്. കോവിന്ദിനെ തന്നെയാണ് ഇപ്പോൾ സമിതി തലവനായി നിയമിച്ചിരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.