മൂന്നിലൊന്ന് വനിതകൾക്ക്
text_fieldsന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്നതിനുള്ള 128ാം ഭരണഘടന ഭേദഗതി ബിൽ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചു. നിലവിലുള്ള പട്ടികജാതി-വർഗ സംവരണ സീറ്റുകളുടെ മൂന്നിലൊന്നും അവരിലെ വനിതകൾക്കായി മാറ്റിവെക്കാൻ ബിൽ നിർദേശിക്കുന്നു.
അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും 50 ശതമാനം സംസ്ഥാന നിയമസഭകളും പാസാക്കി നിയമമാക്കിയശേഷം പുതിയ സെൻസസും മണ്ഡല പുനർനിർണയവും നടത്തി മാത്രമേ നടപ്പാക്കൂ എന്നും ബില്ലിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാകില്ലെന്ന് ഉറപ്പായി. ബിൽ നിയമമായാൽ 15 വർഷത്തേക്കാണ് വനിത സംവരണത്തിന് സാധുതയെന്നും അതിനുശേഷം പാർലമെന്റിന് കാലയളവ് നീട്ടാമെന്നും വ്യവസ്ഥയുണ്ട്. നിലവിൽ ലോക്സഭയിലും നിയമസഭകളിലുമുള്ള പട്ടികജാതി-വർഗ സംവരണത്തെ ഒരുനിലക്കും വനിത സംവരണം ബാധിക്കില്ലെന്ന് പുതിയ ബിൽ വ്യക്തമാക്കുന്നു. ഈ സംവരണം രാജ്യസഭക്കോ സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റിവ് കൗൺസിലുകൾക്കോ ബാധകമല്ല.
ഒരിക്കൽ സെൻസസും മണ്ഡല പുനർനിർണയവും കഴിഞ്ഞ് ലോക്സഭ, നിയമസഭ മണ്ഡലങ്ങൾ വനിത സംവരണ മണ്ഡലങ്ങളാക്കിക്കഴിഞ്ഞാൽ പിന്നീട് അത് മാറ്റണമെങ്കിൽ പുതുതായി മണ്ഡല പുനർനിർണയം നടത്തണം.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശേഷമാണ് കേന്ദ്ര നിയമ മന്ത്രി അർജുൻ സിങ് മേഘ്വാൾ ബിൽ അവതരിപ്പിച്ചത്. 2010ൽ മൻമോഹൻ സിങ് സർക്കാർ രാജ്യസഭയിൽ പാസാക്കിയ ബില്ലിൽ നേരിയ മാറ്റങ്ങൾ വരുത്തി നാരീശക്തി ബിൽ എന്ന് പേരിട്ടായിരുന്നു ബിൽ അവതരണം. ആംഗ്ലോ ഇന്ത്യൻ സംവരണം മോദി സർക്കാർ റദ്ദാക്കിയതിനാൽ ആ സംവരണത്തിനകത്തെ വനിത സംവരണം ഇല്ലാതായി.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും വനിത സംവരണത്തിനായി 239എഎ, 330 എ, 332എ എന്നീ പുതിയ അനുച്ഛേദങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർക്കുന്നതാണ് വനിത സംവരണ ബിൽ. വനിത സംവരണ ബിൽ ഭരണഘടന ഭേദഗതി ബിൽ ആയതിനാൽ ലോക്സഭയും രാജ്യസഭയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പാസാക്കിയശേഷം 15 സംസ്ഥാന നിയമസഭകളും അംഗീകരിക്കണം. അതിനുശേഷം പുതുതായി സെൻസസും മണ്ഡല പുനർനിർണയവും നടത്തണം.
വനിത ബിൽ സർക്കാരിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും നടപ്പാക്കൽ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ആത്മാർത്ഥതയുണ്ടെങ്കിൽ 2024ന് മുമ്പ് തന്നെ നിയമം നടപ്പാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.