ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍, മറ്റെയാള്‍ പാർട്ടിയോടുള്ള കടമ മറന്നു; രണ്ടു മുഖ്യമന്ത്രിമാരുടെ മക്കളുടെ ‘കഥ’ പറഞ്ഞ് ജയ്റാം രമേശ്
text_fieldsഡല്‍ഹി: 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ കടന്നാക്രമണമാണെന്ന ട്വീറ്റിലൂടെ വിവാദത്തിലാകുകയും കോൺഗ്രസിലെ പദവികൾ രാജിവെക്കുകയും ചെയ്ത അനില്‍ കെ. ആന്‍റണിയെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ട്വീറ്റ്. കോണ്‍ഗ്രസിലെ പദവികള്‍ അനില്‍ ആന്‍റണി രാജിവെച്ചതിന് പിന്നാലെയാണ്, ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ എന്നു പറഞ്ഞ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ. ആന്‍റണിയെയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും ജയ്റാം രമേശ് പരാമര്‍ശിച്ചത്.
"ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണം നടക്കുന്നു. മറ്റെയാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറന്നു"- എന്നാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ നിലപാടുകൾ ചോദ്യംചെയ്ത ഡോക്യുമെന്ററിയെ അനില്‍ ആന്‍റണി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരായ കടന്നാക്രമണമാണ് ഡോക്യുമെന്‍ററിയെന്നാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. രാജ്യതാൽപര്യമാണ് പാർട്ടി താൽപര്യത്തേക്കാൾ വലുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ട്വിറ്ററിലൂടെ തന്നെ കോൺഗ്രസ് പദവികളിൽനിന്നുള്ള രാജിപ്രഖ്യാപനവും നടത്തി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോഓഡിനേറ്റർ പദവി എന്നിവയാണ് ഒഴിഞ്ഞത്.
ഡോക്യുമെന്‍ററിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങൾ അനിൽ ആന്‍റണിക്കെതിരെ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.