രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർ അഗ്നിവീർ ആകില്ലെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: കേന്ദ്രസർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിയെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കാനാഗ്രഹിക്കുന്നവർ ഒരിക്കലും അഗ്നിവീർ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫറൂഖാബാദിൽ റിക്രൂട്ട്മെന്‍റ് റാലി നടത്തിയിട്ടും ഒരാൾക്കും ജോലി ലഭിച്ചിട്ടില്ലെന്നും അഖിലേഷ് ആരോപിച്ചു. മെയിൻപൂരിയിൽ നടന്ന എക്സ് സർവീസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ഒരിക്കലും അഗ്നിവീർ ആവാൻ ആഗ്രഹിക്കുന്നില്ല. ഫറൂഖാബാദിൽ റിക്രൂട്ട്മെന്‍റ് നടത്തിയിട്ടുണ്ട്. എന്നാൽ ആർക്കും ജോലി ലഭിച്ചിട്ടില്ല. ഈ പദ്ധതിയൂടെ ബജറ്റ് ലാഭിക്കാൻ കഴിയുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. രാജ്യത്തിന് തന്നെ സ്വയം നിലനിൽക്കാൻ കഴിയാതെ വരുമ്പോൾ എങ്ങനെ ബജറ്റ് നിലനിൽക്കും' -അഖിലേഷ് പറഞ്ഞു. ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പിക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം മുൻ സൈനികരോട് അഭ്യർഥിച്ചു.
യുവാക്കളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.