ഡൽഹി വംശീയാതിക്രമത്തിന് ഒരാണ്ട്; ഇരകൾക്കായി പിരിച്ച കോടികൾ സി.പി.എം വിനിയോഗിച്ചില്ല
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിന് ഇന്നേക്ക് ഒരാണ്ട് പൂർത്തിയാകുേമ്പാൾ ഇരകളുടെ പുനരധിവാസത്തിനായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് സി.പി.എം പിരിച്ച കോടികൾ ഇനിയും വിനിയോഗിച്ചില്ല. പാർട്ടി നടത്തിയ പിരിവിൽ ഏറ്റവും തുക പിരിഞ്ഞുകിട്ടിയത് കേരളത്തിൽനിന്നാണെന്ന് ഡൽഹി വംശീയാതിക്രമത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും സജീവമായുണ്ടായിരുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഡൽഹി സെക്രട്ടറി ആശ ശർമ 'മാധ്യമ'ത്തോടു പറഞ്ഞു. അതോടൊപ്പം ഡൽഹി പോലുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും വലിയ തുക പിരിഞ്ഞുകിട്ടിയിട്ടുണ്ട്. ഇരകളുെട ഭവന നിർമാണത്തിനാണ് ഇത്രയും വലിയ തുക ജനം നൽകിയത് എന്നും അവർ പറഞ്ഞു.
രാജ്യത്തുനിന്ന് ഒട്ടാകെ എത്ര തുക പിരിഞ്ഞുകിട്ടി എന്ന് അവർ വ്യക്തമാക്കിയില്ല. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിെൻറ ആഹ്വാന പ്രകാരം ഡൽഹി കലാപബാധിതർക്കുവേണ്ടി സി.പി.എം സമാഹരിച്ച തുകയുടെ കണക്ക് സി.പി.എം മുഖപത്രമായ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. കേരളത്തിൽനിന്നുമാത്രം 5.30 കോടി രൂപയാണ് സി.പി.എം പിരിച്ചതെന്ന് ജില്ല തിരിച്ച് പ്രസിദ്ധീകരിച്ച കണക്കിൽ സി.പി.എം മുഖപത്രം വെളിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട 53 പേരുടെ കുടുംബത്തിനും അന്ന് ഓരോ ലക്ഷം രൂപ വീതം നൽകിയതാണ് പിരിച്ചെടുത്ത തുകയിൽനിന്ന് നടത്തിയ ഏറ്റവും വലിയ ഫണ്ട് വിനിയോഗം. ഇതു കൂടാതെ കലാപത്തിൽ പരിക്കേറ്റവരുടെ 17 കുടുംബങ്ങൾക്ക് 5,000 മുതൽ 20,000 രൂപ വരെയുള്ള സാമ്പത്തിക സഹായവും പാർട്ടി നൽകി. സി.പി.എമ്മിെൻറ ദുരിതാശ്വാസ പ്രവർത്തകർ റേഷന് പുറമെ ഇരകൾക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ഗ്യാസ് സിലിണ്ടറുകളും സീലിങ് ഫാനുകളും കലാപത്തിലെ ഇരകളുടെ ആശ്രയമായിരുന്ന മുസ്തഫാബാദ് അൽ ഹിന്ദ് ആശുപത്രിക്ക് മരുന്നുകളും നൽകി.
ഖജൂരി ഖാസ്, കരാവൽ നഗർ, കർദൻ പുരി, ഗോകുൽപുരി എന്നിവിടങ്ങളിൽ ഉന്തുവണ്ടികളും നൽകിയിരുന്നു. തുടർന്ന്, വംശീയാതിക്രമത്തിൽ വിധവകളായവർക്ക് ഉപജീവനമാർഗങ്ങളും വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണ്ടെത്താൻ 2020 സെപ്റ്റംബറിൽ സി.പി.എം രണ്ടാംഘട്ട സർവേ നടത്തി. അതേ തുടർന്ന് 13 വിധവകൾക്ക് തയ്യൽ മെഷീനുകളും 28 കുടുംബങ്ങളിലെ 53 കുട്ടികൾക്ക് മാസം 500 രൂപ തോതിൽ സ്കോളർഷിപ്പും നൽകി. മുസ്തഫാബാദിൽ സ്കോളർഷിപ്പുകളുടെയും തയ്യൽ മെഷീനുകളുടെയും വിതരണോദ്ഘാടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് നിർവഹിച്ചത്.
പദ്ധതിയിടുന്നത് വൈദഗ്ധ്യ പരിശീലന കേന്ദ്രത്തിന്
ഭവന നിർമാണത്തിൽനിന്ന് പിന്മാറിയപ്പോൾ യുവജനങ്ങൾക്കും സ്ത്രീകൾക്കും തൊഴിൽ പരിശീലന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിട്ടതെന്ന് ആശ ശർമ പറയുന്നു. നിർദിഷ്ട പദ്ധതിക്ക് എത്ര തുക ചെലവാകുമെന്ന് കണക്കാക്കിയിട്ടില്ലെന്നും തങ്ങളുടെ കൈവശമുള്ള തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആശ ശർമ പറഞ്ഞു.
എന്നാൽ, വർഷം ഒന്നു കഴിഞ്ഞിട്ടും നിർദിഷ്ട പദ്ധതിക്കുള്ള സ്ഥലം പോലും സി.പി.എമ്മും പോഷക സംഘടനകളും ഇതുവരെയും കണ്ടെത്തിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സി.പി.എം, പോഷക സംഘടനകളായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ എന്നിവയുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.