ആ ചരിത്ര മുഹൂർത്തത്തിന് ഒരാണ്ട്
text_fieldsബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ആഗസ്റ്റ് 23നാണ് ചന്ദ്രയാന്റെ ഭാഗമായ ‘വിക്രം’ ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദുവായി ഇറങ്ങിയത്. ആദ്യമായിട്ടായിരുന്നു ഒരു രാജ്യം ഈ ഭാഗത്ത് ഇറങ്ങിയത് എന്നതുകൊണ്ടുതന്നെ ചാന്ദ്രപര്യവേക്ഷണ ചരിത്രത്തിലെത്തന്നെ നിർണായകമായ ഘട്ടമായിട്ടാണ് ചന്ദ്രയാൻ 3 വിലയിരുത്തപ്പെടുന്നത്. ഈ ചരിത്രനിമിഷത്തെ അടയാളപ്പെടുത്താൻ ഇന്ന് ദേശീയ ബഹിരാകാശ ദിനമായും ആചരിക്കുന്നുണ്ട്. ബഹിരാകാശ ദിനത്തിന്റെ തലേന്നാൾ ചന്ദ്രയാൻ -3യുടെ സുപ്രധാനമായ ഒരു കണ്ടെത്തൽ കൂടി ഐ.എസ്.ആർ.ഒ പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രനിൽ ഒരു കാലത്ത് ‘മാഗ്മ കടൽ’ ഉണ്ടായിരുന്നുവെന്നാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കിയ പ്രഗ്യാൻ റോവർ ശേഖരിച്ച മണ്ണ് പരിശോധിച്ചപ്പോൾ വ്യക്തമായത്.
‘മാഗ്മ കടൽ’ എന്നാൽ ഉരുകിയ പാറക്കഷണങ്ങളാണെന്ന് പറയാം. ഗ്രഹങ്ങളുടെ രൂപവത്കരണ സമയത്താണ് മാഗ്മ കടൽ രൂപപ്പെടുക. അതുകൊണ്ടുതന്നെ ഈ കണ്ടെത്തൽ ചന്ദ്രന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള പഠനത്തിൽ അതിനിർണായകമാണ്. അതിനിടെ, ചന്ദ്രയാൻ 3 പേടകത്തിലെ പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ പുതിയ ചിത്രങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ചിത്രങ്ങൾകൊണ്ട് തയാറാക്കിയ വിഡിയോ സ്പേസ് ക്രാഫ്റ്റ് എൻജിനീയറായ ആസ്ട്രോ നീൽ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. വിക്രം ലാൻഡറിൽ നിന്ന് റാംപിലൂടെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനിടെ റോവറിലെ നാവിഗേഷൻ കാമറ (നാവ്കാം) പകർത്തിയ ചിത്രങ്ങളാണിവ. വിക്രം ലാൻഡറിലെ ലാൻഡർ ഇമേജർ കാമറ പകർത്തിയ റോവറിന്റെ ചിത്രങ്ങളുമുണ്ട്. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.