ഒ.എൻ.ജി.സി ഹെലികോപ്ടർ കടലിൽ വീണ് മലയാളിയടക്കം നാലു മരണം
text_fieldsന്യൂഡൽഹി: ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷന്റെ (ഒ.എൻ.ജി.സി) ഹെലികോപ്ടർ അറബിക്കടലിൽ വീണ് മലയാളിയടക്കം നാലുപേർ മരിച്ചു. സഞ്ജുഫ്രാൻസിസ് ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച രാവിലെ 11. 45ഓടെ മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. മരിച്ചവരിൽ മൂന്നുപേർ ഒ.എൻ.ജി.സി ജീവനക്കാരും ഒരാൾ ഒ.എൻ.ജി.സിക്കുവേണ്ടി പ്രവൃത്തിഏറ്റെടുക്കുന്ന കരാറുകാരനുമാണ്.
മുകേഷ് കുമാർ പട്ടേൽ, വിജയ് മന്ദ് ലോയി, സത്യംബദ് പത്ര എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഹെലികോപ്ടറിൽ ഒ.എൻ.ജി.സിയുടെ ആറു ജീവനക്കാരും കരാറുകാരനും രണ്ടു പൈലറ്റുമാരും ഉൾപ്പെടെ ഒമ്പതുപേരാണുണ്ടായിരുന്നത്. എല്ലാവരെയും നാവികസേനയുടെ ഹെലികോപ്ടറിൽ മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നാലുപേർ മരിച്ചു.
കമ്പനിയുടെ സാഗർ കിരൺ റിഗ്ഗിൽ ഹെലികോപ്ടർ ഇറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് കടലിൽ വീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണം. ഒ.എൻ.ജി.സി വാടകക്കെടുത്ത പവൻ ഹാൻസ് കമ്പനിയുടെ ഹെലികോപ്ടറാണ് കടലിൽ വീണത്. റിഗ്ഗിലെ ലാൻഡിങ് മേഖലയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് അപകടം. 2003ൽ മുംബൈ തീരത്ത് ഒ.എൻ.ജി.സിയുടെ ഹെലികോപ്ടർ തകർന്ന് 27 പേരും 2018ൽ സമാനമായ അപകടത്തിൽ ഏഴുപേരും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.