സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി
text_fieldsസൂറത്ത്: ഗുജറാത്തിൽ സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുമ്പാനിയുടെ പത്രിക ജില്ല വരണാധികാരി തള്ളി. സ്ഥാനാർഥിയുടെ സഹോദരീ ഭർത്താവ് ജഗദീഷ് സവലിയ ഉൾപ്പെടെ പിന്തുണച്ച മൂന്നുപേരും കാലു മാറിയതാണ് കാരണം. നീലേഷ് കുമ്പാനിയെ പിന്തുണച്ചിട്ടില്ലെന്നും പത്രികയിലെ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്നും ആരോപിച്ച് മൂവരും സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. മൂന്നുപേരെയും തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. മൂന്നുപേരും ഞായറാഴ്ചയോടെ വിശദീകരണം നൽകാൻ വരണാധികാരിക്കുമുന്നിൽ ഹാജരാകാത്തതിനെ തുടർന്ന് പത്രിക തള്ളി. മണ്ഡലത്തിലെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥി സുരേഷ് പാട്ശാലയുടെ പത്രികയും സമാന കാരണങ്ങളാൽ തള്ളി.
പത്രികയിൽ താൻ ഒപ്പുവെച്ചിട്ടില്ലെന്നാണ് സുരേഷ് ആരോപിക്കുന്നത്. ഇതോടെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഇല്ലാതായി. കോൺഗ്രസ് സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ശക്തിസിങ് ഗോഹിൽ ആരോപിച്ചു. നിയമപരമായി നേരിടുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിൽ എം.പിയുടെ പത്രിക തള്ളി
കൊക്രജാർ: അസമിൽ മൂന്നാമൂഴത്തിനിറങ്ങിയ കൊക്രജാർ സിറ്റിങ് എം.പിയും ഗണ സുരക്ഷ പാർട്ടി അധ്യക്ഷനുമായ നബ കുമാർ സരാനിയയുടെ നാമനിർദേശ പത്രിക തള്ളി. പട്ടികവർഗ സംവരണ സീറ്റിൽ നബ കുമാർ സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റ് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫിസർ പ്രദീപ് കുമാർ ദ്വിവേദി പത്രിക തള്ളിയത്.
2014 മുതൽ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന നബ കുമാർ ‘ബോറോ’ വിഭാഗത്തിൽ പെട്ടതാണെന്ന സർട്ടിഫിക്കറ്റാണ് ഇതുവരെ ഹാജരാക്കിയിരുന്നത്. എന്നാൽ, നബ കുമാർ ഈ വിഭാഗത്തിൽ പെട്ടതല്ലെന്ന് സംസ്ഥാനതല ജാതി സൂക്ഷ്മ പരിശോധന സമിതി അടുത്തിടെ കണ്ടെത്തുകയും സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നബ കുമാർ ഹൈകോടതിയെ സമീപിച്ചെങ്കിലും സമിതി നിലപാട് ശരിവെച്ചു. തുടർന്ന്, താൻ പട്ടിക വർഗത്തിലെ ‘റവാ’ വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന സർട്ടിഫിക്കറ്റാണ് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ചിരുന്നത്. ഒരേസമയം രണ്ട് വിഭാഗത്തിൽ പെട്ടതാണെന്ന അവകാശവാദം സംശയം ജനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫിസർ പത്രിക തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.