ഒാൺലൈൻ കുറ്റകൃത്യം തടയാൻ പോർട്ടലുമായി കേന്ദ്രം
text_fields
ന്യൂഡല്‍ഹി: ഇൻറർനെറ്റ് വഴിയുള്ള അപമാനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഒാൺലൈൻ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വെബ് പോർട്ടൽ തുടങ്ങുന്നു. സര്‍ക്കാര്‍ പോര്‍ട്ടലുമായി ബാങ്കുകളെയും ബന്ധിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പണം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ഈ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ബാങ്കുകള്‍ക്കുകൂടി പോര്‍ട്ടലിലേക്ക് ബന്ധം ഉണ്ടാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട ബാങ്കിന് ഈ പരാതി പോര്‍ട്ടല്‍ വഴി നേരിട്ടു സ്വീകരിക്കാം. ഇൻറര്‍നെറ്റിലൂടെ അപമാനം നേരിടുന്ന വനിതകള്‍ ഉൾപ്പെടെയുള്ളവര്‍ക്ക് തങ്ങള്‍ക്കു ലഭിച്ച അശ്ലീല സന്ദേശത്തിെൻറയോ മറ്റു പ്രകോപനപരമായ സന്ദേശങ്ങളുടെയോ ദൃശ്യങ്ങളുടെയോ സ്ക്രീന്‍ ഷോട്ടുകളും വിഡിയോയും ശബ്ദരേഖയും പരാതിയോടൊപ്പം പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേക ടീം പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും. തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കു പരാതി കൈമാറും. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ക്കും മാനഭംഗ വിഡിയോകള്ക്കുമെതിരെ പരാതി നല്കാന് പോര്‍ട്ടലില്‍ പ്രത്യേക വിഭാഗം ഉണ്ട്. ഇതില്‍ പരാതിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുത്താതെ തന്നെ നടപടിയെടുക്കാനുള്ള സംവിധാനവുമുണ്ട്.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളും ഇൻറർനെറ്റിൽ പരക്കുന്നതു തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സി.ബി.ഐയുടെ കീഴിലുള്ള ഒരു സെല്‍ രൂപവത്കരിക്കാനും സുപ്രീംകോടതി കഴിഞ്ഞ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു. ഗൂഗ്ൾ, യാഹൂ, ഫേസ്ബുക്ക്, വാട്സ്ആപ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഇൻറർനെറ്റ് സേവനദാതാക്കളോടും കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശിപാര്‍ശകള്‍ ആരാഞ്ഞിരുന്നു. സന്നദ്ധസംഘടനയായ പ്രജ്വല നല്കിയ പരാതി പ്രകാരമായിരുന്നു ഇത്.
നിലവിലെ ഐ.ടി നിയമം അനുസരിച്ച് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനു മാത്രമാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താന്‍ കഴിയുക. എന്നാൽ, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ക്രമാതീതമായ വര്‍ധനയുണ്ടാകുന്നതിനാല്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കുകൂടി അന്വേഷണം നടത്താവുന്ന വിധത്തില്‍ ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു ചൂണ്ടിക്കാട്ടി വിവരസാങ്കേതിക മന്ത്രാലയത്തിനു കത്തെഴുതിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.