ഓൺലൈൻ ഗെയിമിങ് നിരോധിക്കണം; ലോക്സഭയിൽ ആവശ്യവുമായി എം.പിമാർ
text_fieldsന്യൂഡൽഹി: ഓൺലൈൻ വിഡിയോ ഗെയിമിങ്ങിന് അടിമപ്പെട്ട് നിരവധി വിദ്യാർഥികളും ചെറുപ്പക്കാരും ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ ഇത് നിരോധിക്കാൻ നടപടി വേണമെന്ന് ഭരണ - പ്രതിപക്ഷ ഭേദമന്യേ എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടു. ഓൺലൈൻ ഗെയിമിങ്ങും ചൂതാട്ടത്തിനുമെതിരായ നിയമ നടപടി സങ്കീർണമായതുകൊണ്ടാണ് രാജ്യത്ത് നിലവിലുള്ള സാഹചര്യം സംജാതമായതെന്നും നിയമനിർമാണം നടത്തേണ്ടത് സംസ്ഥാനങ്ങളാണെന്നും മന്ത്രി മറുപടി നൽകി.
കോൺഗ്രസ് എം.പിമാരായ എം.കെ. രാഘവൻ, ജ്യോതിമണി, ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, തൃണമൂൽ എം.പി കീർത്തി ആസാദ് തുടങ്ങിയവരാണ് ചോദ്യോത്തര വേളയിൽ വിഷയത്തിന്റെ ഗൗരവത്തിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. ചെറുപ്പക്കാർ ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്ന സ്ഥിതിവിശേഷം തടയാൻ കേന്ദ്ര സർക്കാർ ഫലപ്രദമായ നടപടി എടുക്കണമെന്ന് പ്രതിപക്ഷ-ഭരണപക്ഷ എം.പിമാർ ആവശ്യപ്പെട്ടു. ചൂതാട്ടത്തിലും വാതുവെപ്പിലും അധികൃതം, അനധികൃതം എന്ന വേർതിരിവ് എന്തിനെന്ന് ചോദിച്ച കീർത്തി ആസാദ് രണ്ടായാലും തെറ്റാണെന്ന് ഓർമിപ്പിച്ചു.
ഓൺലൈൻ ഗെയിമിങ് മയക്കുമരുന്ന് ഇടപാടിലേക്ക് നയിക്കുന്നോ? -എം.കെ. രാഘവൻ
ഓൺലൈൻ ഗെയിമിങ്ങിലും ചൂതാട്ടത്തിലും ഏർപ്പെടുന്ന ചെറുപ്പക്കാരുടെയും വിദ്യാർഥികളുടെയും എണ്ണത്തിൽ രാജ്യമൊട്ടുക്കും വൻ വർധനവാണുള്ളതെന്ന് കേരളത്തിൽ നിന്നുള്ള എം.പി എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി. ഇതുണ്ടാക്കുന്ന മന:ശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഓൺലൈൻ വിഡിയോ ഗെയിമിങ്ങ് ഓൺലൈൻ മയക്കുമരുന്ന് ഇടപാടിലേക്ക് നയിക്കുന്നുണ്ടോ എന്ന് ആരാഞ്ഞ രാഘവൻ അങ്ങിനെയുണ്ടെങ്കിൽ കേന്ദ്ര സർക്കാർ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഓൺലൈൻ ഗെയിമിങ് കൊലപാതകം അടക്കമുള്ള കൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ട് എന്നും ഇവ നിരോധിക്കാൻ എന്തു നടപടിയാണ് കേന്ദ്ര സർക്കാർ കൈകൊണ്ടിട്ടുള്ളതെന്നും കോഴിക്കോട് എം.പി ചോദിച്ചു.
നിരോധിച്ചിട്ടും തമിഴ്നാട്ടിൽ ആത്മഹത്യയേറുന്നു? -ജ്യോതിമണി
തമിഴ്നാട്ടിൽ ഓൺലൈൻ ഗെയിമിങ്ങിൽ കുടുങ്ങി 48 ചെറുപ്പക്കാർ 2025ൽ മാത്രം ആത്മഹത്യ ചെയ്തുവെന്ന് കോൺഗ്രസ് എം.പി ജ്യോതിമണി അറിയിച്ചു. അവരിലേറെയും 13ഉം 14ഉം വയസുള്ളവരാണ്. ബുധനാഴ്ചയും ഒരു 19 വയസുകാരൻ ആത്മഹത്യ ചെയ്തിരിക്കുന്നു. തമിഴ്നാട് സർക്കാർ ഓൺലൈൻ ഗാംബ്ലിങ് നിരോധിച്ച് നിയമനിർമാണം നടത്തിയിട്ടും ഇന്റർനെറ്റിന് സംസഥാന പരിധിയില്ലാത്തതിനാൽ ഇപ്പോഴും നിർബാധം തുടരുകയാണ്. ഗെയിമിങ്ങ് വൈദഗ്ധ്യവും ഗെയിമിങ് തട്ടിപ്പും വേർതിരിച്ചുകാണാൻ കേന്ദ്ര സർക്കാറിന്റെ പക്കൽ എന്തു സംവിധാനമാണുള്ളതെന്ന് ജ്യോതിമണി ചോദിച്ചു.
കഴിഞ്ഞ വർഷം നിരോധിച്ചത് 1097 ചൂതാട്ട, വാതുവെപ്പ് വെബ്സൈറ്റുകൾ
ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും തടയാൻ കേന്ദ്ര - സർക്കാറുകൾ ഒരുമിച്ച് പ്രവർത്തിച്ചേ മതിയാകൂ എന്ന് കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. ഓൺലൈനിൽ ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ കേന്ദ്ര സർക്കാർ ഉടൻ നടപടിയെടുക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭാരതീയ ന്യായ സംഹിത 112(2) വകുപ്പ് അനധികൃത വാതുവെപ്പും ചൂതാട്ടവും എഴ് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയിട്ടുണ്ട്. 2022ൽ കേവലം 24 ചൂതാട്ട, വാതുവെപ്പ് വെബ്സൈറ്റുകൾക്കെതിരെയാണ് നടപടി എടുത്തിരുനതെങ്കിൽ 2024ൽ 1097 ചൂതാട്ട, വാതുവെപ്പ് വെബ്സൈറ്റുകളാണ് നിരോധിച്ചത്. സൈബറിടത്തിന്റെ നെഗറ്റിവിറ്റിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കണം. ഈയിടെ പാസാക്കിയ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം, ടെലികോം നിയമം എന്നിവയെല്ലാം ചേർത്ത് നിയമപരമായ ഒരു ചട്ടക്കൂട് ഇവ നിയന്ത്രിക്കാൻ ഉണ്ടാക്കിയെന്ന് മന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.