Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹമാധ്യമങ്ങളിലെ...

സമൂഹമാധ്യമങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ; ​സുപ്രീം കോടതി ചീഫ്​ ജസ്റ്റീസിന്​ തുറന്ന കത്തുമായി മുസ്​ലിം വനിതകൾ

text_fields
bookmark_border
സമൂഹമാധ്യമങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ; ​സുപ്രീം കോടതി ചീഫ്​ ജസ്റ്റീസിന്​ തുറന്ന കത്തുമായി മുസ്​ലിം വനിതകൾ
cancel

സുള്ളി ഡീൽസ്​, ബുള്ളി ബായ്​ തുടങ്ങിയ ആപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മുസ്​ലിം സ്ത്രീകൾക്കെതിരായി ലൈംഗിക അധിക്ഷേപവും സ്ത്രീ വിരുദ്ധതയും പ്രചരിപ്പിക്കുകയും അവരെ വിൽപ്പനക്ക്​ വയ്ക്കുകയും ചെയ്യുന്ന സംഭവവത്തിൽ സുപ്രീം കോടതി ചീഫ്​ ജസ്റ്റീസിന്​ തുറന്ന കത്തുമായി രംഗത്തുവന്നിരിക്കുകയാണ്​ ഇരകൾ. കത്തിൽ നിന്നുള്ള ​പ്രസക്​തഭാഗങ്ങൾ താഴെ.

ലോകം മുഴുവൻ പുതുവത്സരം ആഘോഷിക്കാൻ സന്ദേശങ്ങൾ അയക്കുന്ന വേളയിൽ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകൾ 'ബുള്ളി ബായ് ആപ്പ്' വഴിയും സമൂഹമാധ്യമങ്ങൾ വഴിയും തങ്ങൾക്കുനേരെയുള്ള കടുത്ത ആക്ഷേപവും അതിക്രമ ആഹ്വാനങ്ങളും കേട്ടാണ്​ ഉണർന്നത്​. പ്രമുഖ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ചിന്തകരും ഉൾപ്പെടെ നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ അവരുടെ അനുമതിയില്ലാതെ വിവിധ ആപ്പുകളിൽ അപ്​ലോഡ് ചെയ്യുകയും പിന്നീട് 'ലേലം' ചെയ്യുകയും ചെയ്​തിരിക്കുകയാണ്​. 'ബുള്ളിബായ്​' എന്ന ആപ്പാണ്​ ഇതിന്​ മുന്നിൽനിന്നത്​. ഓപ്പൺ സോഴ്‌സ് കോഡുകളുടെ ശേഖരണത്തോടെ വെബ്‌സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഗിറ്റ്​ഹബിലാണ്​ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്​.

ഏറെ കോലാഹലങ്ങൾക്ക് ശേഷം, ഒടുവിൽ പുതുവർഷത്തിൽ രാവിലെ പ്ലാറ്റ്‌ഫോം നീക്കം ചെയ്യുകയും ബുള്ളി ബായിയുടെ ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. 'സുള്ളി ഡീൽ' പോലെ 'ബുള്ളി ബായ്' ആപ്പും ഗിറ്റ്​ഹബിലാണ് പ്രവർത്തിക്കുന്നത്​. ഗിറ്റ്​ഹബ്​ പ്ലാറ്റ്ഫോം ഉപയോക്താക്കളെ ആപ്പുകൾ സൃഷ്ടിക്കാനും പങ്കിടാനും അനുവദിക്കുന്നു. ഇത്​ ചെയ്ത കുറ്റവാളികൾ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ്​.

മുസ്ലീം സ്ത്രീകളുടെ ശരീരം പരസ്യമായി വിൽക്കുന്നത് ഇതാദ്യമല്ല. 2021 ജൂലൈയിൽ, സുള്ളി ഡീൽസ് ആപ്പ് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ വെർച്വൽ ലേലത്തിനായി വച്ചിരുന്നു. ഇത്തരമൊരു ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന്​ പരസ്യമായി പ്രഖ്യാപിച്ചതിനാൽ കുറ്റവാളികൾ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടുന്നില്ല എന്ന്​ മനസിലാക്കാം. മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ഡൗൺലോഡ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടി സ്വകാര്യതയുടെ ലംഘനവും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. സ്ത്രീകളെ ഈ രീതിയിൽ 'ലേലം' ചെയ്യുന്നത് അവരെ ചരക്കാക്കി മാറ്റാനും അവരുടെ വ്യക്തിത്വമോ മാന്യതയോ ഇല്ലാതാക്കാനുമുള്ള നീചമായ ശ്രമമാണ്. ഇത് നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെയും ശരീര സ്വയംഭരണാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്.

പല മുസ്ലീം സ്ത്രീകൾക്കും അവരുടെ ചിത്രങ്ങൾ പൊതുഇടങ്ങളിൽനിന്ന്​ നീക്കംചെയ്യേണ്ടിവന്നിരിക്കുന്നു. പലർക്കും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പോലും ഇല്ലാതാക്കേണ്ടി വന്നു. ഇത് ഓൺലൈൻ പൊതുഇടങ്ങളിൽ മുസ്ലീം സ്ത്രീകളുടെ പങ്കാളിത്തത്തെ സാരമായി പരിമിതപ്പെടുത്തി. മുസ്‌ലിംകൾക്ക് പൊതുജീവിതത്തിൽ പൂർണ്ണമായും സ്വതന്ത്രമായും പങ്കെടുക്കാനുള്ള അവസരം ആസൂത്രിതമായി നിഷേധിക്കപ്പെടുന്നത്​ വർധിച്ചുവരികയാണ്​.

2021 ജൂലൈയിൽ സുള്ളി ഡീൽസ് ആപ്പിൽ മുസ്ലീം സ്ത്രീകൾക്കെതിരായ ആക്രമണത്തെത്തുടർന്ന് ഡൽഹി, ഉത്തർപ്രദേശ് പോലീസ് രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിരുന്നു. ഡൽഹി വനിതാ കമ്മീഷനും (DCW) ദേശീയ വനിതാ കമ്മീഷനും (NCW) വിഷയം മനസിലാക്കുകയും നടപടി ഉറപ്പ് നൽകുകയും ചെയ്തു. സംഭവം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട് ഏകദേശം ആറ് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കുറ്റവാളികളെ തിരിച്ചറിയാൻ പോലും അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. മുസ്‌ലിം സ്ത്രീകൾക്കെതിരായ ആവർത്തിച്ചുള്ള വർഗീയ ആക്രമണങ്ങളെ ചെറുക്കുന്നതിൽ നിയമപാലക ഏജൻസികളുടെ നിശബ്ദത നിയമലംഘനത്തിനുള്ള പരോക്ഷമായ അംഗീകാരമായേ കാണാനാകൂ.

ഇന്ത്യൻ ഭരണഘടന ഓരോ പൗരനും സമത്വവും അന്തസ്സുള്ള ജീവിതവും വാഗ്ദാനം ചെയ്യുന്നു. ഇതുപോലുള്ള വർഗീയവും സ്ത്രീവിരുദ്ധവുമായ ആക്രമണങ്ങൾ മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കുകയാണ്​. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളെ സ്വന്തം രാജ്യത്ത് ഭയത്തിൽ ജീവിക്കാൻ അവർ നിർബന്ധിക്കുകയാണ്​. ഒരു പരിഷ്കൃത സമൂഹവും തങ്ങളുടെ സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ഉപദ്രവവും പരസ്യമായി ലേലം ചെയ്യലും സൗമ്യമായി അനുവദിക്കരുത്. രാജ്യത്ത് നടക്കുന്ന ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ വേണ്ടത്ര പ്രതികരിക്കുന്നതിൽ ഭരണകൂട സംവിധാനത്തിന്റെ ഭീമമായ പരാജയം കണക്കിലെടുത്ത്, ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനാ സംവിധാനങ്ങളിൽ പൊതുവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും അടിയന്തരമായി ഇടപെടേണ്ട ബാധ്യത സുപ്രീം കോടതിയുടെ മേലാണ്.

മുസ്ലീം സ്ത്രീകളുടെ അന്തസ്സിനു നേരെയുള്ള ഇത്തരം നിന്ദ്യമായ ആക്രമണങ്ങൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന ആശയത്തിനു നേരെയുള്ള ആക്രമണങ്ങൾ കൂടിയാണ്. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ സമുദായങ്ങളെയും അപരവത്​കരിക്കാനും നമ്മുടെ പ്രിയപ്പെട്ട മതേതര ഘടന തകർക്കാനുമുള്ള പ്രത്യേക ഉദ്ദേശ്യത്തോടെയാണ് അവ നടപ്പിലാക്കുന്നത്. മതവിദ്വേഷത്തിൽ മാത്രം അധിഷ്ഠിതമായ ഈ പ്രവർത്തനങ്ങൾ ഭരണഘടനാപരമായ സാഹോദര്യ സങ്കൽപ്പങ്ങൾക്കെതിരെ പോരാടുകയും സമത്വത്തിനുള്ള അവകാശം, വിവേചനത്തിനെതിരായ അവകാശം, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയെ ലംഘിക്കുകയും ചെയ്യുന്നു. ലിംഗഭേദവും മതവും പരിഗണിക്കാതെ ആളുകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ നമ്മുടെ ഭരണഘടന പരിശ്രമിക്കുമ്പോൾ, അത്തരം അക്രമങ്ങൾ വിവേചനവും പൊതുഅസമത്വവും പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു.

ഈ സാഹചര്യത്തിൽ സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ ഹർജി രജിസ്റ്റർ ചെയ്യണമെന്നും നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim womenSexual Violencesupreme courtBulli Bai
News Summary - Online Sexual Violence Against Muslim women: Open Letter to CJI
Next Story