‘ഇൻഡ്യ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചകവാതക വില 200 കുറഞ്ഞു’; പരിഹാസവുമായി മമത
text_fieldsകൊൽക്കത്ത: പാചകവാതക സിലിണ്ടറിന് വില കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി ഇൻഡ്യ സഖ്യത്തെ ഭയന്നാണെന്നും കഴിഞ്ഞ രണ്ട് യോഗങ്ങൾ അവരെ പരിഭ്രാന്തിയിലാക്കിയെന്നും അവർ സൂചിപ്പിച്ചു. ‘കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇൻഡ്യ മുന്നണിയുടെ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചക വാതകത്തിന് 200 രൂപ കുറയുന്നതാണ് നമ്മൾ കണ്ടത്. ഇതാണ് ഇൻഡ്യയുടെ കരുത്ത്’, മമത സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇൻഡ്യ’ യോഗം മുംബൈയിൽ ചേരാനിരിക്കെയാണ് മമതയുടെ പ്രതികരണം. 26 പ്രതിപക്ഷ കക്ഷികളാണ് ഇതിൽ പങ്കെടുക്കുക. ആദ്യ യോഗം ബിഹാറിലെ പട്നയിലും രണ്ടാമത്തേത് ബംഗളൂരുവിലുമായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാചകവാതക വില കുറച്ച സർക്കാർ നടപടിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ''വോട്ട് ബാങ്ക് ചോർന്നുപോകുമോ എന്ന ഭയം കൊണ്ടാണ് ബി.ജെ.പി സർക്കാർ ഇപ്പോൾ പാചക വാതക വില കുറക്കാൻ തയാറായത്. കഴിഞ്ഞ ഒമ്പതര വർഷമായി ബി.ജെ.പി സർക്കാർ ജനങ്ങളെ നിഷ്‍കരുണം കൊള്ളയടിക്കുകയായിരുന്നു. അതിന്റെ പാപഭാരം ഇതുകൊണ്ടൊന്നും കഴുകിക്കളയാൻ പറ്റില്ല.''-ഖാർഗെ പറഞ്ഞു.
''വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ ഇതുപോലുള്ള തെരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണം ചെയ്യാൻ തുടങ്ങും. കരുണയില്ലാത്ത ബി.ജെ.പി സർക്കാർ ഒമ്പതര വർഷമായി ജനങ്ങളുടെ പണം ഊറ്റിയെടുക്കാൻ തുടങ്ങിയിട്ട്. 400 രൂപയിൽനിന്ന് തുടങ്ങിയ പാചക വാതക സിലിണ്ടറിന്റെ വില 1100 രൂപയിലെത്തിച്ച് സാധാരണക്കാരന്റെ ജീവിതം നശിപ്പിച്ചു. പിന്നെ എന്തുകൊണ്ടാണ് മറ്റൊരു തലത്തിലുള്ള വാത്സല്യ സമ്മാനങ്ങളൊന്നും അവരുടെ മനസിൽ വരാഞ്ഞത്''-ഖാർഗെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.