സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചത് 2.5 ശതമാനം അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മാത്രം
text_fieldsന്യൂഡൽഹി: ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അന്തർ സംസ്ഥാന തൊഴിലാളികൾക്കായി പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചത് 2.5 ശതമാനം പേർക്ക് മാത്രം. എട്ടുകോടി അന്തർ സംസ്ഥാന തൊഴിലാളികളിൽ 20.26 ലക്ഷം പേർക്ക് മാത്രമാണ് പൊതു വിതരണ സംവിധാനത്തിലൂടെ സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കിയത്.
മേയ് പകുതിയോടെ പ്രഖ്യാപിച്ച കേന്ദ്രസർക്കാരിൻെറ ആത്മനിർഭർ ഭാരത് പാക്കേജിലാണ് മേയ്, ജൂൺ മാസങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നത്. ‘റേഷൻ കാർഡ് ഇല്ലാത്തവർക്ക് അഞ്ചുകിലോ ഗോതമ്പ് അല്ലെങ്കിൽ അരി, ഒരു കിലോഗ്രാം പരിപ്പ് എന്നിവ അടുത്ത രണ്ടുമാസത്തേക്ക് വിതരണം ചെയ്യും. ഏകദേശം എട്ടുകോടി അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഇതിൻെറ ആനുകൂല്യം ലഭിക്കും. 3500 കോടി ചെലവിലായിരിക്കും പദ്ധതി നടപ്പാക്കുക’യെന്നും ആത്മനിർഭർ പാക്കേജ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
ഉപഭോക്തൃകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 4.42 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്തെന്നാണ് പറയുന്നത്. എന്നാൽ 10,131 മെട്രിക് ടൺ മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തൊഴിലാളികൾക്കായി വിതരണം ചെയ്തതെന്നാണ് കണക്കുകൾ പുറത്തുവരുന്നത്. ഇതുവഴി 20.26 ലക്ഷം പേർക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചതെന്നും പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പട്ടിണിയും തൊഴിൽനഷ്ടവും മൂലം സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തത്. ഇത്തരത്തിൽ പലായനം ചെയ്ത അന്തർ സംസ്ഥാന തൊഴിലാളികളിൽ പലരും വീടെത്തുന്നതിനുമുന്നേ പട്ടിണിമൂലം വഴിയിൽ മരിച്ചിരുന്നു. കേന്ദ്രസർക്കാർ അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ലെന്ന വിമർശനം ഉയരുന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ പാക്കേജുകൾ പ്രഖ്യാപിച്ചത്. എന്നാൽ യഥാർഥത്തിൽ ഗുണം ലഭിക്കേണ്ടവരുടെ കൈകളിൽ എത്തിച്ചേർന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.