'എന്‍റയർ പൊളിറ്റിക്കൽ സയൻസ്' പഠിച്ചയാൾക്ക് മാത്രമേ ഗാന്ധിയെ കുറിച്ചറിയാൻ സിനിമ കാണേണ്ടിവരൂ -രാഹുൽ
text_fieldsന്യൂഡൽഹി: 'ഗാന്ധി' സിനിമ പുറത്തിറങ്ങുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'എന്‍റയർ പൊളിറ്റിക്കൽ സയൻസ്' വിദ്യാർഥിക്കു മാത്രമേ ഗാന്ധിയെ കുറിച്ച് അറിയാൻ സിനിമ കാണേണ്ട ആവശ്യമുണ്ടാകൂവെന്ന് രാഹുൽ പരിഹസിച്ചു. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിവാദം സൂചിപ്പിച്ചായിരുന്നു എക്‌സിൽ രാഹുലിന്‍റെ പ്രതികരണം. 'എന്‍റയർ പൊളിറ്റിക്കൽ സയൻസി'ലാണ് തന്‍റെ ബിരുദമെന്നാണ് വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് മോദി പറഞ്ഞിരുന്നത്.
മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ വിവാദ പരാമർശം. 1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോ ചിത്രം 'ഗാന്ധി'യെ സൂചിപ്പിച്ചായിരുന്നു 'എ.ബി.പി ന്യൂസി'നു നൽകിയ അഭിമുഖത്തിനിടെ മോദിയുടെ അവകാശവാദം.
കോൺഗ്രസ് വക്താവ് പവൻ ഖേരയും മോദിയുടെ വാദത്തെ പരിഹസിച്ചു. 'മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമകൾ സ്ഥാപിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ മോദി ബെൻ കിങ്സ്ലിയുടെ പ്രതിമകൾ സ്ഥാപിക്കുമായിരുന്നു' എന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം.
മഹാത്മാ ഗാന്ധിയുടെ പൈതൃകം തകർത്ത ആരെങ്കിലുമുണ്ടെങ്കിൽ അതു സ്ഥാനമൊഴിയാൻ പോകുന്ന പ്രധാനമന്ത്രിയായിരിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. വാരണാസിയിലും ഡൽഹിയിലും അഹ്മദാബാദിലുമുള്ള ഗാന്ധിയൻ സ്ഥാപനങ്ങളെ തകർത്തത് അദ്ദേഹത്തിന്റെ സർക്കാറാണെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.