നോർത്ത് വെസ്റ്റ് ഡൽഹിയിൽ വികസനം മാത്രമാണ് ചർച്ച
text_fieldsന്യുഡൽഹി: രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രത്തിൽ നിന്നും 20 കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിലേക്കുള്ളത്. ഇവിടെ എത്തിയാൽ ഡൽഹി നഗരത്തിന്റെ ഭാഗം തന്നെയാണോ എന്ന് അത്ഭുതപ്പെടും. മെട്രോ റെയിൽ അടുത്തെങ്ങും കാണാനാകില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളും പൊടിയും മാലിന്യവും നിറഞ്ഞ വഴിയോരങ്ങളും മാത്രം. ഹരിയാന അതിർത്തിയോട് ചേർന്നു കടക്കുന്ന മണ്ഡലത്തിൽ വികസനം തൊട്ടുതീണ്ടിയിട്ടില്ല. മണ്ഡലത്തിലെ വോട്ടർമാർക്ക് പറയാനുള്ളത് അവഗണനയുടെ കഥ മാത്രമാണ്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയോടും മുമ്പ് ഭരിച്ച കോൺഗ്രസിനോടും ഒരേ എതിർപ്പാണ് വോട്ടർമാർക്കുള്ളത്. ആർക്ക് വോട്ട് ചെയ്യുമെന്ന് വോട്ടർമാർക്കും തുറന്നുപറയാൻ താൽപര്യമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സൂഫി ഗായകൻ ഹൻസ് രാജ് ഹൻസിന് 60.40 ശതമാനം വോട്ടുകൾ ലഭിച്ച മണ്ഡലമാണിത്. ഹൻസ് രാജ് ഹൻസ് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്തതിനെ തുടർന്നുള്ള ജനവിരുദ്ധ വികാരം ശമിപ്പിക്കാൻ അദ്ദേഹത്തെ മാറ്റി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയറായിരുന്ന യോഗേന്ദ്ര ചന്ദേലിയയെയാണു ഇക്കുറി ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിനാണ് സീറ്റ്. ബി.ജെ.പി ടിക്കറ്റിൽ മുമ്പ് മണ്ഡലത്തിൽ നിന്നു വിജയിച്ചിട്ടുള്ള ഉദിത് രാജാണു മത്സരിക്കുന്നത്. ഉദിത് രാജിനെ മത്സരിപ്പിക്കുന്നതിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ എതിർപ്പ് ഉയർത്തുകയും ആദ്യ ഘട്ടത്തിൽ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.എന്നാൽ, സഖ്യകക്ഷിയായ ആം ആദ്മി പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയതോടെ കോൺഗ്രസുകാരും പ്രചാരണ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലും 2020ൽ ആം ആദ്മി പാർട്ടിക്കായിരുന്നു വിജയം. അതിനാൽ തന്നെ ഇക്കുറി നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് ഇൻഡ്യ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.