ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഹിന്ദുക്കൾക്കുമാത്രം ജോലി മതിയെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ക്ഷേത്ര ഫണ്ടിൽ പ്രവർത്തിക്കുന്ന കോളജുകളിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകിയാൽ മതിയെന്ന് മദ്രാസ് ഹൈകോടതി. തമിഴ്നാട് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ചെന്നൈ കൊളത്തൂരിലെ കപാലീശ്വരർ ആർട്സ് ആൻഡ് സയൻസ് കോളജിൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ, ക്ലീനർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എൻഡോവ്‌മെന്റ് വകുപ്പ് ജോയന്റ് കമീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
തസ്തികകളിലേക്ക് ഹിന്ദുക്കൾ മാത്രമേ അപേക്ഷിക്കാവൂ എന്ന നിബന്ധനയുമുണ്ടായിരുന്നു. ഇതിനെതിരെ സുഹൈൽ എന്നയാളാണ് ഹരജി നൽകിയത്. ദേവസ്വം വകുപ്പിന്റെ നിബന്ധന മൂലം മുസ്ലിം സമുദായത്തിൽപ്പെട്ട തനിക്ക് ഓഫിസ് അസിസ്റ്റന്റ് ജോലിക്ക് അപേക്ഷ നൽകാനാവില്ലെന്നും വിജ്ഞാപനം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കൾക്കുമാത്രം അപേക്ഷിക്കാമെന്നത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രം നടത്തുന്ന കോളജ് മതസ്ഥാപനമല്ല. വിദ്യാഭ്യാസ സ്ഥാപന നിയമനങ്ങൾക്ക് ദേവസ്വം വകുപ്പ് നടപടിക്രമം ബാധകമല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളജിൽ ഹിന്ദുക്കൾക്ക് മാത്രമേ നിയമനത്തിന് അർഹതയുള്ളുവെന്നും ഹിന്ദു ചാരിറ്റബിൾ എൻഡോവ്‌മെൻറ് ആക്ട് അനുസരിച്ച് ഇത് മതസ്ഥാപനമായതിനാൽ ഹിന്ദുക്കളെ മാത്രമേ ജീവനക്കാരായി നിയമിക്കാൻ കഴിയൂവെന്നും ദേവസ്വം വകുപ്പിന് വേണ്ടി അഡീഷനൽ ഗവൺമെന്റ് പ്ലീഡർ എസ്.രവിചന്ദ്രനും ജോയന്റ് കമീഷണർക്കു വേണ്ടി അഡ്വ.എസ്.സൂര്യയും കോടതിയെ ബോധിപ്പിച്ചു.
ക്ഷേത്രം സ്ഥാപിച്ച കോളജ് മത സ്ഥാപനത്തിന്റെ നിർവചനത്തിൽ വരുന്നതിനാൽ, എൻഡോവ്മെന്റ് ചാരിറ്റീസ് ആക്ടിലെ പത്താം വകുപ്പ് ഇതിന് ബാധകമാണെന്നും അതിനാൽ ഇവിടെ ഹിന്ദുക്കൾക്ക് മാത്രമേ നിയമനത്തിന് അർഹതയുള്ളൂവെന്നും പറഞ്ഞ് ജസ്റ്റിസ് വിവേക് കുമാർ സിങ് ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.