ഹിന്ദുക്കൾ മാത്രം അവിടെ ജോലി ചെയ്താൽ മതി; തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരെ സ്ഥലംമാറ്റിയത് സംബന്ധിച്ച് ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഹിന്ദുക്കൾ മാത്രം ജോലി ചെയ്താൽ മതിയെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അവിടെ ജോലിചെയ്യുന്ന മറ്റ് മതങ്ങളിൽ പെട്ടവരെ ഉടൻ സ്ഥലംമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
മകൻ ദേവാൻഷ് നായിഡുവിന്റെ പി റന്നാളിനോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതര മതസ്ഥരായ ജീവനക്കാരെ ക്ഷേത്രത്തിൽ നിന്ന് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
''ഇതര മതസ്ഥരായ ആളുകൾ ഇപ്പോഴും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഉടൻ സ്ഥലംമാറ്റും. അവരെ ബഹുമാനത്തോടെ മറ്റിടങ്ങളിലേക്ക് വിന്യസിക്കും. ഹിന്ദുക്ഷേത്രങ്ങളിൽ ജോലി ചെയ്യാൻ ക്രിസ്തു-മുസ്‍ലിം മത വിശ്വാസികൾക്ക് താൽപര്യമില്ലെങ്കിൽ അവരുടെ വികാരങ്ങൾ മാനിക്കപ്പെടണം. അവർക്ക് സ്ഥലം മാറ്റം നൽകണം''-നായിഡു വ്യക്തമാക്കി.
ഹോട്ടൽ ഡെവലപർമാരായ എം.ആർ.കെ.ആറിനും മുംതാസ് ബിൽഡേഴ്സിനും തിരുപ്പതിയിൽ 35 ഏക്കർ ഭൂമി അനുവദിച്ചത് റദ്ദാക്കുമെന്നും നായിഡു പ്രഖ്യാപിച്ചു. ക്ഷേത്രനഗരത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനാണിത്. ഇവിടെ ആഡംബര ഹോട്ടലുകൾ പണിയുന്നതിന് വലിയ എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്താണ് ഭൂമി അനുവദിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് തിരുമലയിലെ 18 ജീവനക്കാരിൽ ആറുപേരെ സ്ഥലം മാറ്റിയത്. ക്ഷേത്രത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരായിരുന്നു സ്ഥലംമാറ്റപ്പെട്ടവർ. ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫിസർ, അസിസ്റ്റന്റ് ടെക്നിക്കൽ ഓഫിസർ, ഇലക്ട്രീഷ്യൻമാർ, നഴ്സുമാർ എന്നിവരാണ് മറ്റുള്ളവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.