കെജ്‌രിവാളിന് വധഭീഷണിയുണ്ടെന്ന എ.എ.പിയുടെ ആരോപണം; വിമർശനവുമായി ഗംഭീർ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. കെജ്‌രിവാളിന്‍റെ വസതിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തിന് വധ ഭീഷണി ഉള്ളതായി ആം ആദ്മി പ്രവർത്തകർ ആരോപിച്ചിരുന്നു.
കശ്മീർ ഹിന്ദുക്കൾക്കെതിരായ പരാമർശത്തിൽ വെട്ടിലായപ്പോൾ ബി.ജെ.പി തന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് വരുത്തി തീർക്കാനാണ് കെജ്‌രിവാളും എ.എ.പിയും ശ്രമിക്കുന്നതെന്ന് ഗംഭീർ ട്വീറ്റ് ചെയ്തു.
"കശ്മീർ ഹിന്ദുക്കളെ അപമാനിച്ചതിനെ തുടർന്ന് കെജ്രിവാൾ കുടുങ്ങിയിരിക്കുകയാണ്. പണം നൽകി അഭിമുഖങ്ങൾ വരെ നൽകിയിട്ടും രക്ഷയുണ്ടായില്ല. താനൊരു ഇരയാണെന്ന് വരുത്തി തീർത്താൽ മാത്രമേ ഇനി രക്ഷയുള്ളൂ". ബി.ജെ.പി എന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിക്കാൻ നിങ്ങളെന്നെ സഹായിക്കണമെന്നും കെജ്‌രിവാളിനെ പരിഹസിച്ച് കൊണ്ട് ഗംഭീർ ട്വീറ്റ് ചെയ്തു.
കശ്മീർ ഫയൽസ് എന്ന സിനിമക്കെതിരെ അരവിന്ദ് കെജ്‌രിവാൾ നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് യുവമോർച്ച നേതാവ് തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അക്രമ സംഭവങ്ങൾ നടന്നത്. പ്രതിഷേധക്കാർ ചേർന്ന് അദ്ദേഹത്തിന്‍റെ വസതിയുടെ ഗേറ്റ് തകർക്കുന്ന ദൃശ്യങ്ങളുൾപ്പടെ എ.എ.പി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
തുടർന്ന്തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക് സാധിക്കാത്തതിനാൽ അദ്ദേഹത്തെ വധിക്കാൻ ബി.ജെ.പി പദ്ധതിയിടുന്നതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു.
കശ്മീരി പണ്ഡിറ്റുകളെ കൂട്ടകൊല ചെയ്ത സംഭവത്തെ ഡൽഹി മുഖ്യമന്ത്രി നിയമസഭയിൽ പരിഹസിച്ചതാണ് പ്രതിഷേധത്തിനുള്ള കാരണമെന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ തേജസ്വി സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തിൽ കെജ്‌രിവാൾ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിൽ ഉൾപ്പെട്ട എട്ട് പേർക്കെതിരെ കേസെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.