ഇന്ത്യൻ സൈനികരോട് പരിഗണന മോദി സർക്കാരിന് മാത്രം -ജെ.പി നദ്ദ
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് മാത്രമാണ് ഇന്ത്യൻ സൈനികരോട് പരിഗണനയെന്ന് ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ. ഉത്തരകാശിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ഉദ്യോഗസ്ഥരുടെ ആശങ്കകളെക്കുറിച്ച് മോദി മാത്രമേ ചിന്തിച്ചിട്ടുള്ളുവെന്നും ഉത്തരാഖണ്ഡിലെ മിലിട്ടറി ധാം, ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി എന്നിവ കേന്ദ്ര സർക്കാരിന്‍റെ നേട്ടമാണെന്നും നദ്ദ പറഞ്ഞു.
ഇതുവരെയുള്ള സർക്കാരുകളിൽ മോദിയുടെ സർക്കാർ മാത്രമാണ് രാജ്യത്തെ സൈനികർക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുള്ളത്. ഉത്തരാഖണ്ഡിൽ ബി.ജെ.പി സർക്കാരിന് കീഴിലാണ് സൈനിക ധാം നിർമ്മിക്കുന്നത്. സൈനികരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി മോദി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് നടപ്പിലായത്. 1971-72 കാലഘട്ടത്തിലാണ് ഒ.ആർ.ഒ.പി എന്ന ആവശ്യം ഉയർന്നതെന്നും ഇന്ന് സൈനികരുടെ വീടുകൾക്കായി ഈ പദ്ധതി പ്രകാരം 42,000 കോടി രൂപ അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തതിന് വേണ്ടി ജീവൻ ബലി നൽകിയ ധീര രക്തസാക്ഷികൾക്കുള്ള നഷ്ടപരിഹാരം 10 ലക്ഷത്തിൽ നിന്നും 15 ലക്ഷമായി ഉയർത്തി. ഉത്തരാഖണ്ഡ്, ഹിമാചൽ, ഉൽപടെയുള്ള മലയോര സംസ്ഥാനങ്ങളെ പ്രത്യേക കാറ്റഗറി പട്ടികയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നദ്ദയുടെ പരാമർശങ്ങൾ. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കും തിരിച്ചും പ്രവർത്തകർ മാറുന്നത് സ്ഥിരം കാഴ്ച്ചയാണ്. 11 മുഖ്യമന്ത്രിമാരാണ് 2000ത്തിന് ശേഷം രൂപീകരിച്ച സംസ്ഥാനത്ത് ഇതുവരെയുണ്ടായത്. അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് മുഖ്യമന്ത്രിമാരെയാണ് നിലവിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് പരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.