‘പാർലമെന്‍റിൽ ത്രിവർണ ബാഡ്ജ് മാത്രമേ അനുവദിക്കൂ’; പ്രതിപക്ഷത്തിന്‍റെ സ്റ്റിക്കർ പ്രതിഷേധത്തിനെതിരെ ലോക്സഭ സ്പീക്കർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അടുത്ത ആളായ ഗൗതം അദാനിക്കും എതിരെ പാർലമെന്‍റ് മന്ദിരത്തിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം തടയിടാൻ നീക്കവുമായി ലോക്സഭ സഭ സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് എം.പിമാർ വസ്ത്രത്തിൽ സ്റ്റിക്കർ ധരിച്ച് പ്രതിഷേധം നടത്തിയ സാഹചര്യത്തിലാണ് സ്പീക്കറുടെ പുതിയ നീക്കം. ത്രിവർണ പതാകയല്ലാതെ ലാപ്പൽ പിന്നുകളോ ബാഡ്ജുകളോ ധരിക്കാൻ പാടില്ലെന്ന് സ്പീക്കർ എം.പിമാരോട് നിർദേശിച്ചു.
ഇന്ന് പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങളാണ് 'മോദി അദാനി ഏക് ഹേ' (മോദിയും അദാനിയും ഒന്നാണ്), 'അദാനി സേഫ് ഹേ' (അദാനി സുരക്ഷിതനാണ്) തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രിന്‍റ് ചെയ്ത സ്റ്റിക്കറുകൾ വസ്ത്രത്തിൽ പതിച്ച് പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചത്. കോൺഗ്രസ് എം.പിമാർ കറുത്ത ജാക്കറ്റിലാണ് സ്റ്റിക്കർ പതിച്ചതെങ്കിൽ രാഹുൽ ഗാന്ധി തന്‍റെ ഒപ്പ് പതിച്ച വെള്ള ടീ ഷർട്ടിലാണ് സ്റ്റിക്കർ പതിച്ചത്.
ലോക്സഭ നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഉൾപ്പെടുന്ന റൂൾ 349 ആണ് ലോക്സഭ സ്പീക്കർ പ്രതിപക്ഷ പ്രതിഷേധത്തിന് തടയിടാൻ ഉദ്ധരിച്ചത്. പാർലമെന്‍ററി പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും നടപടികളുടെ അന്തസ് കാത്തുസൂക്ഷിക്കാനും ഉത്തരവാദിത്തമുണ്ടെന്ന് എം.പിമാരെ സ്പീക്കർ ഓർമിപ്പിച്ചു.
രാഹുൽ ഗാന്ധി കൂടാതെ, പ്രിയങ്ക ഗാന്ധി അടക്കം കോൺഗ്രസ് എം.പിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. മോദിയും അദാനിയും രണ്ടല്ലെന്നും അവർ ഒന്നാണെന്നും അദാനിക്കെതിരെ അന്വേഷണം നടത്താൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി അന്വേഷണം നടത്തിയാൽ അദ്ദേഹം തന്നെ അന്വേഷിക്കപ്പെടുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.