ഓപറേഷൻ കാവേരി: സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു
text_fieldsജിദ്ദ: ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര സർക്കാറിന്റെ ഇടപെടലിൽ ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലേക്ക് യാത്രതിരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷമാണ് സൗദി എയർലൈൻസ് എസ്.വി 3620 പ്രത്യേക വിമാനത്തിൽ യാത്ര തിരിച്ചത്. ഇവർ ഇന്ന് രാത്രി ഒമ്പതോടെ ഡൽഹിയിലെത്തും.
അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമാണിതെന്ന് വി. മുരളീധരൻ പ്രതികരിച്ചു. രക്ഷാദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിനും ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രി നന്ദി അറിയിച്ചു. നേവിയുടെ ഐ.എൻ.എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി. മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവില്‍ കേരളത്തിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.