ഡൽഹിയിൽ 'ഓപറഷേൻ താമര'പരാജയപ്പെട്ടെന്ന് ആപ്; ഗുജറാത്തിലേക്ക് മോദിയും
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയത്തിൽ അഴിമതി ആരോപിച്ച് സി.ബി.ഐ നടപടിയെ തുടർന്ന് ബി.ജെ.പിക്കെതിരെ കൂടുതൽ ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ കെജ്രിവാൾ സർക്കാറിനെ തകർക്കാൻ ബി.ജെ.പി രണ്ട് തവണ 'ഓപറേഷൻ താമരക്ക്' ശ്രമം നടത്തിയതായി ആപ് വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
2014ൽ ആയിരുന്നു ആദ്യ ശ്രമം. ബി.ജെ.പിയോടൊപ്പം ചേരുന്ന എം.എൽ.എമാർക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. ഇപ്പോൾ മനീഷ് സിസോദിയക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്താണ് സർക്കാറിനെ വീഴ്ത്താൻ ശ്രമിച്ചത്. രണ്ടും പരാജയപ്പെട്ടെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
ആം ആദ്മി പാർട്ടി നുണ പറയുന്നതിന്‍റെ എല്ലാ അതിരും ലംഘിച്ചിരിക്കുകയാണെന്നാണ് ആരോപണങ്ങൾക്ക് ബി.ജെ.പിയുടെ മറുപടി.അതിനിടെ, സി.ബി.ഐ നടപടിയെ രാഷ്ട്രീയമായി ചെറുത്തും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്ത് സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനം സന്ദർശിക്കാനായി എത്തുന്നു.
ഗുജറാത്തിലെ കച്ചിലാണ് പ്രധാനമന്ത്രി മോദി അടുത്തയാഴ്ച സന്ദർശിക്കുന്നത്. ഗുജറാത്ത് പിടിക്കാൻ കെജ്രിവാളിന്‍റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചാരണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആപ് ആരംഭിച്ചത്.
ചൊവ്വാഴ്ച ഭാവ്നഗറിൽ നടന്ന പൊതുയോഗത്തിൽ എല്ലാവർക്കും തൊഴിൽ അടക്കമുള്ള പദ്ധതികൾ നൽകുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു. അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ, തൊഴിലില്ലാത്തവർക്ക് 3,000 രൂപ പെൻഷൻ, ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തൽ തുടങ്ങി ഉറപ്പുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.