ബിഹാറിൽ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ
text_fieldsപറ്റ്ന: ബിഹാറിൽ എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. ജനതാദൾ (യു)വും ബിജെ.പിയും നേതൃത്വം നൽകുന്ന മുന്നണിക്ക് 243 അംഗ സഭയിൽ 133നും 143നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണ് ലോക്നീതി-സി.എസ്.ഡി.എസ് സർവേയിൽ വ്യക്തമാക്കുന്നത്. ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് 88നും 98നും ഇടയിൽ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്.
എൻ.ഡി.എക്ക് 38 ശതമാനവും പ്രതിപക്ഷ സഖ്യത്തിന് 32 ശതമാനവും വോട്ട് നേടാനാകുമെന്ന് സർവേ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 43.2 ശതമാനം വോട്ട് നേടിയ ഭരണപക്ഷത്തിന് വലിയ ശതമാനം ഇടിവ് സംഭവിക്കും. 2015ൽ 28.5ശതമാനം വോട്ട് നേടിയ മഹാസഖ്യത്തിന് വോട്ട് വർധനയാണ് സർവേയിൽ സൂചിപ്പിക്കുന്നത്.
എൻ.ഡി.എ ഘടകകക്ഷിയായിരുന്ന ലോക് ജനശക്തി പാർട്ടി ഇക്കുറി മുന്നണിയിലില്ലാതെ ഒറ്റക്കാണ് മത്സരിക്കുന്നത്. എൽ.ജെ.പിക്ക് ആറു ശതമാനം വോട്ടും രണ്ടുമുതൽ ആറുവരെ സീറ്റുമാണ് സർവേ പ്രവചിക്കുന്നത്. എൽ.ജെ.പി ഒറ്റക്ക് മത്സരിക്കുന്നത് എൻ.ഡി.എക്ക് തുണയാകുമെന്നാണ് സർവേ നിരീക്ഷിക്കുന്നത്. മഹാസഖ്യത്തിന് ലഭിക്കേണ്ട ഭരണവിരുദ്ധ വോട്ടുകളിൽ വലിയൊരു പങ്ക് എൽ.ജെ.പി നേടുമെന്നാണ് സർവേയിലെ സൂചന. മറ്റു പാർട്ടികളും സ്വതന്ത്രരുമെല്ലാം ചേർന്ന് 17 ശതമാനം വോട്ട് നേടുമെന്നും സർവേയിൽ പറയുന്നു. ആറുമുതൽ പത്തുവരെ സീറ്റുകൾ ഇവർ നേടുമെന്നാണ് സർവേഫലം.
മുഖ്യമന്ത്രിയായി 31 ശതമാനം പേർ ജനതാദൾ (യു) നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പിന്തുണക്കുേമ്പാൾ 27 ശതമാനം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ്. അഞ്ചുശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പിന്തുണക്കുന്നത്. കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുേമ്പാൾ നിതീഷ് കുമാറിെൻറ ജനപ്രീതിയിൽ ഏറെ ഇടിവു സംഭവിച്ചിട്ടുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
നിലവിൽ എൻ.ഡി.എക്ക് 125ഉം (ജനതാദൾ -യു -67, ബി.ജെ.പി-53) മഹാസഖ്യത്തിന് 100ഉം (ആർ.ജെ.ഡി -73, കോൺഗ്രസ് -23) സീറ്റാണുള്ളത്. ഒക്ടോബർ 28നാണ് ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.