കർണാടകയിൽ കോൺഗ്രസ് തിരിച്ചെത്തുമെന്ന് അഭിപ്രായ സർവേ; മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണക്കുന്നത് സിദ്ധരാമയ്യയെ
text_fieldsന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച് എ.ബി.പി–സി വോട്ടർ അഭിപ്രായ സർവേ. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് 107 മുതൽ 119 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പഴയ മൈസൂരുവിൽ ജെ.ഡി.എസ് ഒപ്പത്തിനൊപ്പമുണ്ട്. തീരദേശ കർണാടകയിൽ മാത്രമാണ് ബി.ജെ.പിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനാവുകയെന്നും സർവേ പറയുന്നു.
കോൺഗ്രസ് 40 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ ബി.ജെ.പിക്ക് 35 ശതമാനവും ജെ.ഡി.എസിന് 17 ശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനം വരെയുമാണ് ലഭിക്കുകയെന്നും സർവേ പറയുന്നു. 17,772 പേരാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും നിലവിലെ ഭരണം മോശമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മികച്ചതാണെന്ന് പറഞ്ഞത് 29 ശതമാനം പേരായിരുന്നു. 19 ശതമാനം പേർ ശരാശരിയെന്നും വിലയിരുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രകടനം മോശമാണെന്ന് 51 ശതമാനം പേരും മികച്ചതാണെന്ന് 24 പേരും ശരാശരിയാണെന്ന് 25 ശതമാനം പേരും വിലയിരുത്തി. മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്. 41 ശതമാനം പേർ അദ്ദേഹത്തെ അനുകൂലിച്ചപ്പോൾ ബസവരാജ് ബൊമ്മെയെ 31 ശതമാനം പേരും എച്ച്.ഡി. കുമാരസ്വാമിയെ 22 ശതമാനം പേരും പിന്തുണച്ചു. ഡി.കെ ശിവകുമാറിന് മൂന്ന് ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം മികച്ചതാണെന്ന് 49 ശതമാനം പേരും വിലയിരുത്തിയപ്പോൾ 33 ശതമാനം മോശമാണെന്നും 18 ശതമാനം ശരാശരിയാണെന്നും അഭിപ്രായപ്പെട്ടു.
ഈദിന എന്ന കന്നഡ മാധ്യമ സ്ഥാപനം നടത്തിയ സർവേയിൽ കോൺഗ്രസ് 134 മുതൽ 140 വരെ സീറ്റുകൾ നേടുമെന്നും ബി.ജെ.പി 57-65 സീറ്റുകളിൽ ഒതുങ്ങുമെന്നും പറയുന്നു. കോൺഗ്രസ് 43 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ ബി.ജെ.പിക്ക് 33 ശതമാനമേ ലഭിക്കൂവെന്നും പറയുന്നു.
മേയ് 10ന് ഒറ്റഘട്ടമായാണ് കർണാടകയിലെ തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയുമെല്ലാം പ്രചാരണത്തിൽ സജീവമായിട്ടും ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടമാകമോയെന്ന ആശങ്കയിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.