അഭിപ്രായങ്ങളോട് സഹിഷ്ണുത വേണം -ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ
text_fieldsന്യൂഡൽഹി: ലോകമെമ്പാടും ജനങ്ങൾക്കിടയിൽ സഹിഷ്ണുത കുറഞ്ഞുവരുന്ന കാലമാണിതെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് സഹിഷ്ണുതയുണ്ടാകേണ്ടത് അനിവാര്യതയാണെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. സർവിസിൽനിന്ന് വിരമിക്കലിനോടനുബന്ധിച്ച് യാത്രയയപ്പിനായി ചേർന്ന ബെഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു വർഷവും പത്തുമാസവും സുപ്രീംകോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച കൗൾ ഡിസംബർ 25നാണ് വിരമിക്കുന്നതെങ്കിലും ശീതകാല ഇടവേളക്കായി ഡിസംബർ 18ന് കോടതി അടക്കുന്നതിനാൽ വെള്ളിയാഴ്ചയായിരുന്നു അവസാന പ്രവൃത്തി ദിനം.
നിയമവൃത്തിയിൽ ജഡ്ജിയുടെ ധൈര്യം പ്രധാനമാണെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. നിയമസംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാധ്യതയും നിയമസമൂഹത്തിനുണ്ട് -അദ്ദേഹം തുടർന്നു. 1970കൾ മുതൽ ജസ്റ്റിസ് കൗളുമായുള്ള വ്യക്തിബന്ധവും പ്രഫഷനൽ ബന്ധവും ഓർത്തെടുത്താണ് പ്രത്യേക ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സംസാരിച്ചത്. കൗളുമായുള്ള സൗഹൃദം എപ്പോഴും വലിയ കരുത്തായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യത അവകാശം മൗലികാവകാശമാണെന്ന് വിധിച്ച ഭരണഘടന ബെഞ്ചിലും കശ്മീർ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ശരിവെച്ച ബെഞ്ചിലും ഉൾപ്പെടെ പല നിർണായക കേസുകളിലും തീർപ്പു കൽപിച്ച ന്യായാധിപ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.