തങ്ങളുടെ നേതാവ് ഓടിപ്പോയെന്ന് ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥികൾ പറഞ്ഞു -ഉവൈസി
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. മോദിയേക്കാൾ 'നല്ല ഹിന്ദു' ആകാൻ പ്രതിപക്ഷ കക്ഷികൾ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
"ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ താൻ ഹിന്ദുത്വയിൽ വിശ്വസിക്കുന്നുവെന്ന് ഒരു വാർത്താ ചാനലിൽ പറഞ്ഞു. അതിനാൽ, എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹമുണ്ട്, അദ്ദേഹം ഭരണഘടനയിൽ വിശ്വസിക്കുന്നില്ലേ?. പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ മികച്ച ഹിന്ദു ആരെന്ന മത്സരത്തിലാണ് പ്രതിപക്ഷം മുഴുവനും. രാജ്യത്തുടനീളം മാർച്ച് നടത്തുന്നത് ഡൽഹി മുഖ്യമന്ത്രിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോ ആകട്ടെ, എസ്.പിയോ ആർ.ജെ.ഡിയോ ആകട്ടെ. വിദ്വേഷത്തോട് വിദ്വേഷം കൊണ്ട് പോരാടാനാണ് അവർ ശ്രമിക്കുന്നത്. അതിനാലാണ് ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്നത്" -ഉവൈസി പറഞ്ഞു.
ബി.ജെ.പി എന്തുകൊണ്ട് 'ജയ് സീതാ റാം' എന്ന മുദ്രാവാക്യം മുഴക്കുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടും ഉവൈസി രൂക്ഷമായി പ്രതികരിച്ചു. 'രാഹുലിന്റെ പ്രസ്താവനയിൽ എനിക്ക് അത്ഭുതമില്ല. ബാബറി മസ്ജിദ് തുറന്നപ്പോൾ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. 1948-49 കാലഘട്ടത്തിൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ സൂക്ഷിച്ചപ്പോൾ നെഹ്‌റു പ്രധാനമന്ത്രിയും ബാബറി മസ്ജിദ് തർത്തപ്പോൾ പി.വി നരസിംഹ റാവുവുമായിരുന്നു പ്രധാനമന്ത്രി. അതുകൊണ്ട് കോൺഗ്രസ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.