അടുത്ത 10 വർഷത്തേക്ക് സർക്കാർ രൂപവത്കരിക്കും; ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കും - ഖാർഗെ
text_fieldsന്യൂഡൽഹി: അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാറിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണമാറ്റത്തിനുള്ള തരംഗം രാജ്യത്ത് വിവിധയിടങ്ങളിൽ ദൃശ്യമാണെന്നും മഹാരാഷ്ട്രയിലും ഉത്തർ പ്രദേശിലും ഉൾപ്പെടെ ബി.ജെ.പി തിരിച്ചടി നേരിടുമെന്നും ഖാർഗെ പറഞ്ഞു. ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്ന സർക്കാർ അസ്ഥിരമായിരിക്കുമെന്ന മോദിയുടെ വാദത്തെ ഖാർഗെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയിലെ കക്ഷികൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ഖാർഗെ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരിൽനിന്ന് ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. ശിവസേനയിലും എൻസിപിയിലും പിളർപ്പ് ഉണ്ടായെങ്കിലും മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യത്തിന് കൂടുതൽ സീറ്റ് ലഭിക്കും. ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് സീറ്റ് കുറയുകയും പ്രതിപക്ഷ സഖ്യത്തിന് രണ്ടക്കം കാണാനുമാകും.
ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ മോദി സർക്കാറിനു കഴിഞ്ഞില്ലെന്നു ഖാർഗെ ചൂണ്ടിക്കാണിച്ചു. യുവാക്കൾക്ക് തൊഴിലവസരം നൽകാനോ കർഷകരുടെ വരുമാനം വർധിപ്പിക്കാനോ കള്ളപ്പണം തിരിച്ചെത്തിക്കാനോ മോദി സർക്കാറിനു കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം വർഗീയ പരാമർശങ്ങളാണ് മോദി ഉയർത്തിയത്. ന്യൂനപക്ഷ വോട്ടർമാരുമായി ബന്ധപ്പെടാനുള്ള മോദിയുടെ ശ്രമങ്ങൾ ആത്മാർഥതയില്ലാത്തതാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.