രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ മോദി സർക്കാറിനെതിരെ പ്രതിപക്ഷം; ‘രാഷ്ട്രപതിയുടെ പ്രസംഗം കാഴ്ചപ്പാടോ ദിശാബോധമോ ഇല്ലാത്തത്’
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമാണ് പ്രതിപക്ഷ വിമർശനത്തിന് നേതൃത്വം നൽകിയത്. ലോക്സഭയിൽ നീറ്റ് ക്രമക്കേടാണ് കേന്ദ്രസർക്കാറിനെതിരായ വിമർശനത്തിന് രാഹുൽ ഉപയോഗിച്ചത്. ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചില്ലെന്ന് ഖാർഗെയും കുറ്റപ്പെടുത്തി.
നീറ്റ് വിഷയം പാർലമെന്‍റിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന സന്ദേശം വിദ്യാർഥികൾക്ക് നൽകാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. അതിനാൽ, ഈ വിഷയം പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെ രാഷ്ട്രപതിയുടെ പ്രസംഗത്തെയും മൂന്നാം മോദി സർക്കാറിനെയും കോൺഗ്രസ് അധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു. ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചില്ലെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
'രാഷ്ട്രപതി എന്നത് പാർലമെന്‍റിന്‍റെ മുഖ്യ ഘടകമാണ്. രാഷ്ട്രപതിയെ പ്രതിപക്ഷം ബഹുമാനിക്കുന്നു. രാഷ്ട്രപതി ഈ വർഷം സഭയെ ആദ്യം അഭിസംബോധന ചെയ്തത് ജനുവരിയിലും രണ്ടാമത്തേത് ജൂണിലുമായിരുന്നു. ആദ്യ പ്രസംഗം തെരഞ്ഞെടുപ്പിന് വേണ്ടിയും രണ്ടാമത്തേത് അതിന്‍റെ പകർപ്പുമായിരുന്നു.
ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശമില്ല. കാഴ്ചപ്പാടോ ദിശാബോധമോ ഇല്ലാത്തതായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കഴിഞ്ഞ തവണത്തേതിന് സമാനമായി സർക്കാറിനെ വാക്കുകളാൽ പുകഴ്ത്തുകയായിരുന്നു.' -ഖാർഗെ ചൂണ്ടിക്കാട്ടി.
നീറ്റ് വിഷയം ഉയർത്തിയുള്ള പ്രതിപക്ഷ ബഹളത്തോടെയാണ് സഭാ നടപടികൾ ഇന്ന് തുടങ്ങിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച തുടങ്ങുന്നതിന് മുമ്പ് നീറ്റ് പേപ്പർ ചോർച്ച സഭ പരിഗണിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ അഭ്യർത്ഥന സ്പീക്കർ ഓം ബിർല തള്ളി.
കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും സി.ബി.ഐയെയും ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍റിന് പുറത്ത് പ്രതിപക്ഷ എം.പിമാർ പ്രതിഷേധ ധർണ നടത്തി. പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് എം.പിമാർ പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.