രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം; ഹരിവൻഷ് പ്രതിപക്ഷത്തെ തിരിഞ്ഞുനോക്കുന്നില്ലെന്ന്
text_fieldsന്യൂഡൽഹി: രാജ്യസഭ ചെയർമാന്റെ നിർദേശമുണ്ടായിട്ടും രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്ത ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ് സഭയോട് ക്ഷമാപണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ തിരിഞ്ഞുനോക്കാതെ ഭരണപക്ഷത്തിനുമാത്രം സമയം അനുവദിക്കുകയാണ് ഉപാധ്യക്ഷൻ ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ്, ആം ആദ്മി പാർട്ടി എം.പിമാർ രംഗത്ത് വന്നത് ബഹളത്തിനിടയാക്കി. ഇതേ ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെ രാജ്യസഭാ ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷം നൽകിയ നോട്ടീസുകൾകൂടി ഉപാധ്യക്ഷൻ തള്ളിയതോടെ നടപടികൾ തടസ്സപ്പെട്ട് സഭ നിർത്തിവെച്ചു. ബിഹാറിൽനിന്നുള്ള ജനതാദാൾ യു നേതാവായ ഹരിവൻഷ് 2018ലാണ് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
സഭാനേതാവും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും എന്ത് പറയാൻ എഴുന്നേറ്റാലും താൻ റൂൾബുക്ക് നോക്കില്ലെന്ന് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകർ ഡിസംബർ ഒമ്പതിന് സഭയിൽ പ്രഖ്യാപിച്ചത് ഖാർഗെ ഉപാധ്യക്ഷനെ വായിച്ചു കേൾപിച്ചു. കുറച്ചു ദിവസങ്ങളായി രാജ്യസഭയിൽ ഒരു സുപ്രധാന വിഷയം ഉന്നയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് നുഴഞ്ഞുകയറ്റം എന്ന ഗൗരവമേറിയ കാര്യമാണത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയം ലോകം മുഴുവൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയിലും നമ്മുടെ സൈന്യം ഈ സ്ഥിതിഗതികളെ നേരിടുകയാണ്. എം.പിമാരുടെ വികാരങ്ങൾക്കൊപ്പം നിന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇക്കാര്യം ഉന്നയിക്കേണ്ടതും സർക്കാറിനോട് നടപടി ആവശ്യപ്പെടേണ്ടതും തന്റെ ബാധ്യതയാണ്. ഇതുകൊണ്ടാണ് ഡിസംബർ 14ന് താൻ ഈ വിഷയം സഭയിലുന്നയിച്ചത്. എന്നാൽ, അന്ന് സഭയിലുണ്ടായിരുന്ന താങ്കൾ, പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ നോട്ടീസ് നൽകാത്തതിനാൽ ഉന്നയിക്കാനാവില്ലെന്നാണ് പറഞ്ഞത്. ഇതേ തുടർന്ന് താൻ നോട്ടീസ് നൽകാത്തതുകൊണ്ടാണ് ചൈനീസ് കടന്നുകയറ്റം ഉന്നയിക്കാൻ അനുവദിക്കാത്തതെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ടും ചെയ്തു.
ചെയർമാന്റെ വാഗ്ദാനം സഭക്കുള്ള നിർദേശമായിരിക്കുമെന്നാണ് താൻ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റം ഉന്നയിച്ചത്. ചെയർമാൻ ഇക്കാര്യം സഭയിൽ പറഞ്ഞത് സത്യമാണോ കളവാണോ എന്ന് വ്യക്തമാക്കണമെന്ന് ഉപാധ്യക്ഷനോട് ഖാർഗെ ആവശ്യപ്പെട്ടു. മാത്രമല്ല ചെയർമാൻ സഭയിൽ പ്രഖ്യാപിച്ചത് താങ്കൾ അംഗീകരിക്കുന്നുണ്ടോ എന്നും പറയണം.
ഇതിന് വിരുദ്ധമായി സംസാരിച്ച ഉപാധ്യക്ഷൻ ക്ഷമാപണം നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയെ പിന്തുണച്ച് കോൺഗ്രസ് എം.പിമാരും ഉപാധ്യക്ഷനോട് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് മൂന്നോ നാലോ തവണ എഴുന്നേറ്റിട്ടും ഉപാധ്യക്ഷൻ ഗൗനിച്ചില്ലെന്ന് കോൺഗ്രസ് എം.പി സയ്യിദ് നസീർ ഹുസൈൻ കുറ്റപ്പെടുത്തി. ഉപാധ്യക്ഷൻ പ്രതിപക്ഷ ബെഞ്ചുകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ആപ് എം.പി രാഘവ് ഛദ്ദ വിമർശിച്ചു. ചൈനീസ് കടന്നുകയറ്റം, വിലക്കയറ്റം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നിവ അജണ്ട മാറ്റിവെച്ച് ചർച്ചചെയ്യാൻ രാജ്യസഭാ ചട്ടം 267 പ്രകാരം നൽകിയ നോട്ടീസുകളും ഉപാധ്യക്ഷൻ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ സഭ സ്തംഭിപ്പിച്ചു. ഇതോടെ 12 മണിവരെ സഭാ നപടികൾ നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.