അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ സമ്മർദം; പ്രതിപക്ഷത്തിനൊപ്പം നിതീഷ് കുമാറും എതിര്
text_fieldsന്യൂഡൽഹി: വിവാദ അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ സഖ്യകക്ഷികളിൽനിന്നടക്കം മോദിസർക്കാറിൽ സമ്മർദം. പദ്ധതി പുനഃപരിശോധിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയും എൻ.ഡി.എ സഖ്യകക്ഷി ജനതാദൾ-യുവിന്റെ നേതാവുമായ നിതീഷ് കുമാർ ആവശ്യപ്പെട്ടു. യുവരോഷത്തിന്റെ പ്രധാന വേദികളിലൊന്നാണ് ബിഹാർ. ബി.ജെ.പിക്കൊപ്പം ചേർന്ന പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ഈ ആവശ്യമുന്നയിച്ചു.
തൊഴിലില്ലാത്ത യുവാക്കളുടെ ശബ്ദം കേൾക്കണമെന്നും അഗ്നിപഥിലൂടെ നടത്തിച്ച് അവരുടെ ക്ഷമയുടെ അഗ്നിപരീക്ഷ നടത്തരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റാങ്കുമില്ല, പെൻഷനുമില്ല. രണ്ടുവർഷത്തേക്ക് നേരിട്ടുള്ള നിയമനവുമില്ല. നാലുവർഷത്തെ സൈനികസേവനത്തിനുശേഷം സ്ഥിരമായുള്ള ഭാവിയുമില്ല. സൈന്യത്തിനായി സർക്കാർ ഒരു ബഹുമാനവും നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു. തൊഴിലില്ലാത്ത യുവാക്കളുടെ ശബ്ദത്തിന് ചെവികൊടുക്കണം. കരാർ നിയമനം സൈന്യത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജീവിതം മുഴുവൻ രാജ്യത്തെ സേവിക്കാനുള്ള അവസരമാണ് യുവാക്കൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ടതെന്നും വെറും നാലുവർഷമില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. രാജ്യതാൽപര്യത്തിന് എതിരായ പദ്ധതിയാണിതെന്നും നാലുവർഷത്തെ കരാർ നിയമനത്തിലൂടെ പ്രഫഷനലായ സൈന്യത്തെ സജ്ജമാക്കാൻ കഴിയില്ലെന്നും പെൻഷൻതുക ഉൾപ്പെടെ ലാഭിക്കാനുള്ള തീരുമാനമാണിതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.യുവാക്കളുടെ ഭാവി ഇല്ലാതാക്കുന്ന പദ്ധതി അടിയന്തരമായി പിൻവലിക്കണമെന്നും ഇത്തരം റിക്രൂട്ട്മെന്‍റ് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് നീട്ടിവെച്ചശേഷം ഇപ്പോൾ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ബി.എസ്.പി ദേശീയ അധ്യക്ഷൻ മായാവതി ആവശ്യപ്പെട്ടു.
രാജ്യസുരക്ഷ ഹ്രസ്വകാലത്തേക്കുള്ളതല്ലെന്നും ഗൗരവമായ ദീർഘകാല നയമാണെന്നും ഇത്തരം റിക്രൂട്ട്മെന്‍റ് രാജ്യത്തിന്‍റെ സുരക്ഷയെയും യുവാക്കളെയും പ്രതികൂലമായി ബാധിക്കുമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
അഗ്നീവീർ സൈനികർക്ക് 12ാം ക്ലാസ് സർട്ടിഫിക്കറ്റ് നേടാൻ പ്രത്യേക കോഴ്സുമായി നിയോസ്
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നിയമിക്കപ്പെടുന്ന, പത്താം ക്ലാസ് പാസായ 'അഗ്നിവീർ' സൈനികർക്ക് 12ാം ക്ലാസ് സർട്ടിഫിക്കറ്റ് നേടുന്നതിനായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്) പ്രത്യേക പഠനപദ്ധതി തയാറാക്കുന്നു. പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെ അഗ്നിവീർ സൈനികർക്ക് അവരുടെ സേവനമേഖലയിൽ ഉപകരിക്കുന്ന രീതിയിലുള്ള പ്രത്യേക കോഴ്സുകൾ ആവിഷ്കരിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ ഏത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ സർട്ടിഫിക്കറ്റിന് അംഗീകാരം ഉണ്ടായിരിക്കും. സൈനിക സേവനത്തിനുശേഷം ഉന്നത വിദ്യാഭ്യാസം തുടരാൻ ഇതുവഴി സൈനികർക്ക് സാധിക്കും. അതോടൊപ്പം മറ്റ് ജോലി നേടുന്നതിനും സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
എവിടെനിന്ന് എപ്പോൾ വേണമെങ്കിലും കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാനാവുന്ന രീതിയിലാണ് പദ്ധതി തയാറാക്കുന്നത്. എൻ.ഐ.ഒ.എസിന്റെ പ്രത്യേക പദ്ധതിവഴി എൻറോൾമെന്റ്, കോഴ്‌സുകളുടെ വിപുലീകരണം, സ്വയം പഠനസാമഗ്രികൾ നൽകൽ, പഠനകേന്ദ്രങ്ങളുടെ അക്രഡിറ്റേഷൻ, മൂല്യനിർണയം, സർട്ടിഫിക്കേഷൻ എന്നിവ സുഗമമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.