സർവകക്ഷി യോഗത്തിൽ വഖഫ് ജെ.പി.സിക്കെതിരെ പ്രതിപക്ഷം
text_fieldsജഗദാംബിക പാൽ
ന്യൂഡൽഹി: ജനാധിപത്യ വിരുദ്ധമായ നടപടികളിലൂടെ വഖഫ് ജെ.പി.സി റിപ്പോർട്ട് തയാറാക്കിയതിനെ പ്രതിപക്ഷം സർവകക്ഷി യോഗത്തിൽ ചോദ്യം ചെയ്തു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ വി.വി.ഐ.പി കുംഭമേള തിരക്കിലെ മരണം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെടുകയും ചെയ്തതോടെ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്ത യോഗത്തിൽ പ്രതിപക്ഷത്തു നിന്ന് സംസാരിച്ച കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയാണ് ജനാധിപത്യ വിരുദ്ധമായും ഏകപക്ഷീയമായും വഖഫ് ജെ.പി.സി പ്രവർത്തിച്ചതും റിപ്പോർട്ട് തയാറാക്കിയതും ആദ്യമുന്നയിച്ചത്. മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ, ഡി.എം.കെയുടെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപാധ്യായ തുടങ്ങിയവരും വിഷയമുന്നയിച്ചു.
വഖഫ് ജെ.പി.സിയിൽ എല്ലാ പാർലമെന്റ് മര്യാദയും ലംഘിച്ച് ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന വിധത്തിൽ സ്റ്റീം റോളർ പ്രയോഗമാണ് സർക്കാർ നടത്തിയതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി കുറ്റപ്പെടുത്തി.
പാർലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിയമനിർമാണമാണ്. നിയമനിർമാണത്തെ തകർക്കുന്നതിലൂടെ പാർലമെന്റിനെ അപമാനിക്കുകയാണ് സർക്കാർ ചെയ്തതെന്നും പ്രാകൃത സ്വഭാവത്തിലാണ് ബി.ജെ.പി ജെ.പി.സി റിപ്പോർട്ട് തയാറാക്കിയതെന്നും ഇ.ടി വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.