ഇന്ത്യയുടെ മതേതര, ജനാധിപത്യ, ഫെഡറൽ ഘടനക്ക് മോദിസർക്കാർ പരിക്കേൽപിക്കുന്നുവെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മതേതര, ജനാധിപത്യ, ഫെഡറൽ ഘടനക്ക് മാരകമായ പരിക്കാണ് മോദിസർക്കാറിൻെറയും ബി.ജെ.പിയുടെയും നടപടികളിലൂടെ ഉണ്ടാകുന്നതെന്ന് പാർലമെന്റിൽ പ്രതിപക്ഷം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത വിവിധ പാർട്ടി നേതാക്കൾ സർക്കാറിന്റെ സ്വേച്ഛാപരമായ നടപടികളെ രൂക്ഷമായി വിമർശിച്ചു.
ചരിത്രം തിരുത്തുന്നതിനൊപ്പം മോദിസർക്കാർ ഭാവിയെ ഭയക്കുകയും വർത്തമാനകാലത്തെ അവിശ്വസിക്കുകയുമാണെന്ന് തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ് ത്ര കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ പല സന്ദർഭത്തിൽ അനുസ്മരിക്കുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളോടും നിഷ്പക്ഷമായ സമീപനം വേണമെന്ന് ഇതേ നേതാജിതന്നെയാണ് പറഞ്ഞിട്ടുള്ളതെന്ന് സർക്കാർ ഓർക്കണമെന്ന് മഹുവ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗം നാടിന്റെ സ്പന്ദനമാണ് പ്രതിഫലിപ്പിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സബ്കാ സാഥ്, സബ്കാ വികാസ് എന്ന് ആയിരംവട്ടം പറഞ്ഞാലും ഭരണകക്ഷിക്ക് അങ്ങനെയൊരു വികാരം ഉൾക്കൊള്ളാൻ കഴിയില്ല. ന്യൂനപക്ഷങ്ങൾക്കു നേരെ അവസാനിക്കാത്ത പീഡനമാണ് നടക്കുന്നത്. ഇവിടെ ജനിച്ചു ജീവിച്ചു മരിക്കാൻ ന്യൂനപക്ഷങ്ങൾക്ക് അവകാശമില്ലാതാകുന്നത് എങ്ങനെയാണെന്ന് ബഷീർ ചോദിച്ചു.
ഇന്ത്യയുടെ വൈവിധ്യം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യേണ്ട സർക്കാർ അതു തച്ചുടക്കുന്നത് ഖേദകരമാണെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. രാജ്യത്തിന്റെ മതേതര, ഫെഡറൽ ഘടനയും വൈവിധ്യവും ഒരുപോലെ ആക്രമിക്കുകയും സർക്കാർ നയങ്ങളെ എതിർക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയുമാണ് ചെയ്യുന്നത്. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനോ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനോ സർക്കാറിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസിലെ ഹൈബി ഈഡൻ പറഞ്ഞു. സർക്കാർ കൃഷിക്കാർക്കോ യുവാക്കൾക്കോ പീഡിതർക്കോ ദുർബല വിഭാഗങ്ങൾക്കോ ഒപ്പമല്ല, കോർപറേറ്റുകൾക്കൊപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശജനകമാണെന്നും രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ നിർദേശങ്ങളോ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളോ ഇല്ലാത്ത പ്രശംസ മാത്രമാണെന്നും സി.പി.എമ്മിലെ എ.എം. ആരിഫ് കുറ്റപ്പെടുത്തി. രാജ്യത്ത് 150 കോടി ഡോസ് ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചതിന് കേന്ദ്രസർക്കാറിനോടല്ല നന്ദി പറയേണ്ടതെന്നും സുപ്രീംകോടതിയോടാണെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.