അദാനി വിവാദത്തിൽ അന്വേഷണം നടത്തണം; പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തി
text_fieldsന്യൂഡൽഹി: അദാനി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എം.പിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്‍റിൽനിന്നു ഇ.ഡി ഓഫിസിലേക്ക് നടത്തിയ മാർച്ച് പാർലമെന്‍റ് വളപ്പിൽതന്നെ പൊലീസ് തടഞ്ഞു. പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച എം.പിമാർ പിന്നീട് തിരിച്ചു പോയി.
മാർച്ച് തടയാനായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഡൽഹി പൊലീസ് വലിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പൊലീസ് മാർച്ച് തടഞ്ഞതോടെ നേതാക്കൾ പാർലമെന്‍റിലേക്ക് തന്നെ മടങ്ങിപോയി. 18 പ്രതിപക്ഷ പാർട്ടികളുടെ നൂറോളം എം.പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. ഇ.ഡിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചതായും ഉടൻ തന്നെ സംയുക്ത പരാതി കത്ത് പുറത്തിറക്കുമെന്നും നേതാക്കൾ അറിയിച്ചു.
‘പൊലീസ് ഞങ്ങളെ തടഞ്ഞു. ഞങ്ങൾ 200 പേരുണ്ടായിരുന്നു, ചുരുങ്ങിയത് 2,000 പൊലീസുകാരും. ഞങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് അവർ ആഗ്രഹിക്കുന്നത്. എന്നിട്ട് അവർ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നു’ -കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ചർച്ചകളിലോ, സെമിനാറുകളിലോ ആരെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചാൽ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശം ചൂണ്ടിക്കാട്ടി ഖാർഗെ വ്യക്തമാക്കി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്‍റെ എൻ.സി.പിയും മാർച്ചിൽ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.