പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിക്കു മുന്നിൽ
text_fieldsന്യൂഡൽഹി: നിയമവാഴ്ചയും മൗലികാവകാശങ്ങളും ഭരണഘടനാപരമായ ജനാധിപത്യവും ഉറപ്പുവരുത്താൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷം രാഷ്ട്രപതി പ്രണബ് മുഖർജിയെ സമീപിച്ചു. ഭയപ്പാടിെൻറയും അരക്ഷിത ബോധത്തിെൻറയും അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നയിച്ച പ്രതിപക്ഷസംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. സി.പി.എം, ജനതാദൾ-യു, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സി.പി.െഎ, എൻ.സി.പി, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.ബജറ്റ് സമ്മേളനം അവസാനിച്ച ദിവസം രാഷ്ട്രപതിയെ കണ്ട സംഘം സമർപ്പിച്ച നിവേദനത്തിൽ വിവിധ വിഷയങ്ങൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
• ദേശീയതയുടെ പേരു പറഞ്ഞ് മതസ്പർധ വളർത്തുംവിധം അർധസത്യങ്ങളിലേക്കും തെറ്റായ ചർച്ചകളിലേക്കും രാജ്യത്തെ വഴിനടത്തുകയാണ്. എതിർപ്പുകൾ അക്രമവും ബലപ്രയോഗവും കൊണ്ട് നേരിടുന്നു. ഇത് സമാധാനം തകർക്കുകയും അരക്ഷിതബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.
•നിയമവാഴ്ച നിലനിർത്താൻ ശ്രമിക്കുന്നതിനുപകരം പീഡനത്തിെൻറയും അക്രമത്തിെൻറയും വഴി സ്വീകരിച്ച് മൗലികാവകാശങ്ങളും അന്തസ്സും തകർക്കാൻ ശ്രമം നടക്കുന്നു. ആൽവർ, ഉന, ദാദ്രി കൊലകൾ ഇതിെൻറ ബാക്കിയാണ്. സദാചാര പൊലീസ് ചമയുന്നവരും പശുവിെൻറ പേരിലുള്ള ജാഗ്രതാ സംഘങ്ങളും റോമിയോവിരുദ്ധ സ്ക്വാഡുകളും മറ്റ് സമാധാനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു.
•വ്യവസ്ഥാപിത ചട്ടങ്ങൾ മറികടന്ന് സ്വേച്ഛാപരമായ തീരുമാനങ്ങളും ഭരണഘടന പദവികളിലേക്കുള്ള നിയമനങ്ങളുമാണ് കേന്ദ്രസർക്കാർ നടത്തിവരുന്നത്. ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷം ദുരുപയോഗംചെയ്ത് പാർലമെൻററി ചർച്ചയും കീഴ്വഴക്കങ്ങളും അട്ടിമറിക്കുന്നു. ബില്ലുകൾ പാസാക്കുന്നതിൽ രാജ്യസഭയെ ഉൗടുവഴികളിലൂടെ മറികടക്കുന്നു.
•വോട്ടുയന്ത്രത്തിൽ തിരിമറി നടക്കുന്നുവെന്ന സംശയം ബലപ്പെട്ടു. ഇത് തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ അട്ടിമറിക്കുന്നു. അന്വേഷണ ഏജൻസികളിലെ നിയമനങ്ങൾ രാഷ്ട്രീയ എതിരാളികളെ ഉന്നംവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടക്കുന്നത്. സർക്കാറിനെ ചോദ്യംചെയ്യുന്നവരെ കേസിൽ കുടുക്കുന്നത് പതിവായി. അധികാരകേന്ദ്രീകരണം ഒരുവശത്ത്; ഭരണസ്ഥാപനങ്ങളെ അവമതിക്കുന്ന വിഷയം മറുവശത്ത്. കലാലയങ്ങളുടെയും സാംസ്കാരിക, ചരിത്ര സ്ഥാപനങ്ങളുടെയും സ്വയംഭരണ സ്വാതന്ത്ര്യം അട്ടിമറിക്കുന്നു.
• ജമ്മു-കശ്മീരിൽ സർക്കാറിെൻറ പരാജയം ദേശീയ ഉത്കണ്ഠയായി മാറിയിരിക്കുന്നു. മുമ്പ് കുഴപ്പമുണ്ടായപ്പോൾ ആഭ്യന്തരമന്ത്രി നയിച്ച സർവകക്ഷിസംഘം മുന്നോട്ടുവെച്ച നിർദേശങ്ങൾ കണക്കിലെടുത്ത് ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികൾ ഒന്നുമുണ്ടായില്ല. മുെമ്പാരിക്കലും നേരിടാത്ത ആശങ്കജനകമായ അന്തരീക്ഷമാണ് മൂന്നു വർഷത്തിനിടയിൽ രൂപപ്പെട്ടിരിക്കുന്നതെന്ന് നിവേദനത്തിൽ പറഞ്ഞു.മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ശരദ് യാദവ്, ഡി. രാജ, കല്യാൺ ബാനർജി, താരിഖ് അൻവർ, എം. വീരപ്പമൊയ്ലി തുടങ്ങിയവർ രാഷ്ട്രപതിയെ കണ്ട സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.