യു.പി സർക്കാറിെൻറ ജനസംഖ്യാനിയന്ത്രണ ബില്ലിനെതിരെ പ്രതിപക്ഷം
text_fieldsലഖ്നോ: ഉത്തർപ്രദേശ് സർക്കാറിെൻറ പുതിയ ജനസംഖ്യാനിയന്ത്രണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം മാത്രമാണെന്ന് സമാജ്വാദി പാർട്ടി. അതേസമയം, സംസ്ഥാനത്തെ മന്ത്രിമാർക്ക് നിയമപരമായും അവിഹിതമായും എത്ര മക്കളുണ്ടെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ ബില്ലിെൻറ കരട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടർന്ന് എൻ.ഡി.എയിൽനിന്നടക്കം രൂക്ഷമായ വിമർശനമാണ് ബില്ലിനെതിരെ ഉയർന്നത്. ബിൽ പ്രകാരം കുട്ടികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലായിരിക്കും സർക്കാർ ജോലിയും സബ്സിഡികളും ക്ഷേമപദ്ധതികളും ഇനി നിശ്ചയിക്കുക. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യരാവും.
ബില്ല് വെറും തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും ബി.ജെ.പി എല്ലാം രാഷ്ട്രീയവത്കരിക്കുകയാണെന്നും സംഭാലിൽനിന്നുള്ള സമാജ്വാദി പാർട്ടി (എസ്.പി) എം.പി ഷെഫീഖുർ റഹ്മാൻ ബാർഖ് ആരോപിച്ചു. ജനസംഖ്യ നിയന്ത്രിക്കാൻ ഇതിലും നല്ലത് അടുത്ത 20 വർഷത്തേക്ക് വിവാഹങ്ങൾ നിരോധിക്കുകയും പ്രസവിക്കാൻ അനുവദിക്കാതിരിക്കുകയുമാണെന്നും എം.പി കളിയാക്കി. ബില്ല് നിയമമാക്കുന്നതിനുമുമ്പ് യോഗി മന്ത്രിസഭയിലെ മന്ത്രിമാരിൽ എത്രപേർക്ക് അവിഹിതസന്താനങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കണമെന്നും രാഷ്ട്രീയക്കാർക്ക് എത്ര മക്കളുണ്ടെന്ന് വെളിപ്പെടുത്തണമെന്നും കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടു.
തനിക്ക് എത്ര മക്കളുണ്ടെന്ന് വെളിപ്പെടുത്താൻ തയാറാണെന്നും ഇൗ വിഷയം ചർച്ച ചെയ്യണമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
താൻ നടത്തിയ വിഹിത/അവിഹിത സന്താന പരാമർശം തെറ്റാണെന്ന് തോന്നുന്നവർക്ക് തന്നോട് നേരിട്ട് സംസാരിക്കാമെന്നും കാര്യങ്ങൾ വ്യക്തമാക്കിത്തരാമെന്നും ഖുർഷിദ് വ്യക്തമാക്കി. പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സന്താനനിയന്ത്രണ ബില്ലുമായി യോഗി ആദിത്യനാഥ് രംഗത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി ആരോപിച്ചു. ജനങ്ങളെ ബോധവത്കരിച്ചാണ് സന്താനനിയന്ത്രണം നടപ്പിലാക്കേണ്ടതെന്നും ബില്ലിലൂടെയല്ലെന്നും ബോധമുള്ള ജനങ്ങൾ ഇപ്പോൾതന്നെ ഇരട്ട സന്താനനയം സ്വീകരിച്ചുകഴിഞ്ഞതാണെന്നും ചൗധരി പറഞ്ഞു. ഈ മാസം 19വരെ ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം അറിയിക്കാം. ഉത്തർപ്രദേശ് നിയമ കമീഷൻ വെബ്സൈറ്റ് വഴിയാണ് കരട് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.