കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു; സർക്കാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ്
text_fieldsന്യൂഡൽഹി: കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിൽ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
മൂന്ന് മാസമായി മോദി വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. രാവും പകലും അദ്ദേഹം പ്രചാരണം നടത്തി. പ്രചാരണത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഒരേ ഊർജം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ആന്ധ്രാപ്രദേശിൽ മൂന്ന് പൊതുയോഗങ്ങളിലും ഒരു റാലിയിലും മോദി പങ്കെടുത്തു. ഇതിന്റെ വ്യത്യാസം ആന്ധ്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായിട്ടുണ്ടെന്ന് നായിഡു പറഞ്ഞു.
എൻ.ഡി.എ സർക്കാറിനെ എല്ലാസമയത്തും പിന്തുണക്കുമെന്ന് ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ പറഞ്ഞു. നരേന്ദ്ര മോദിയെ പിന്തുണക്കാനായി എല്ലാവരും ഒരുമിച്ചെത്തിയത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പ്രതിപക്ഷം രാജ്യത്തിനായി ഒന്നും ചെയ്തില്ല. അടുത്ത തവണയും മോദി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നടന്ന എൻ.ഡി.എ യോഗത്തിൽ നരേന്ദ്ര മോദിയെ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി നേതാവും എം.പിയുമായ രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ഗഡ്കരിയും അമിത് ഷായും രാജ്നാഥ് സിങ്ങിന്റെ നിർദേശത്തെ പിന്താങ്ങി.
അധികാരത്തിനായി ഒന്നിച്ചു കൂടിയ സംഘമല്ല എൻ.ഡി.എയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രമാണ് ഒന്നാമത്തെ പരിഗണന.ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യമാണ് എൻ.ഡി.എ. ഐക്യത്തോടെ എല്ലാ തീരുമാനങ്ങളും എടുക്കുകയെന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യം. നല്ല ഭരണവും വികസനവും എൻ.ഡി.എ ഭരണത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു.
22 സംസ്ഥാനങ്ങൾ ഭരിക്കാൻ എൻ.ഡി.എക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും സ്വാധീനമുള്ള സംസ്ഥാനങ്ങളും ഭരിക്കാൻ മുന്നണിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. 2024ൽ ബി.ജെ.പിക്ക് ലഭിച്ച സീറ്റുകൾ പോലും മൂന്ന് തെരഞ്ഞെടുപ്പുകൾ കൊണ്ട് കോൺഗ്രസിന് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് മോദി പരിഹസിച്ചു. കേരളത്തിൽ ആദ്യമായി ജയിച്ച ബി.ജെ.പി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്തുകാട്ടി. കർണാടകയിലും തെലങ്കാനയിലും പാർട്ടിക്ക് തിരിച്ചുവരാൻ സാധിച്ചുവെന്നും മോദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.