മോദിക്ക് ചെവികൊടുക്കാതെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടുമായി മുന്നോട്ടുപോകുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ച് ലോക്സഭയിൽ പ്രതിപക്ഷത്തിെൻറ ഇറങ്ങിപ്പോക്ക്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സി.പി.എം, മുസ്ലിംലീഗ് പാർട്ടികളാണ് പ്രധാനമന്ത്രിയുടെ വിശദീകരണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
സമരജീവികളാണ് കർഷകസമരത്തിന് എരിവ് പകരുന്നതെന്ന പരിഹാസം ആവർത്തിച്ച പ്രധാനമന്ത്രി, സർക്കാർ കൊണ്ടുവന്ന പരിഷ്കരണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. മൂന്നു നിയമങ്ങൾ കൊണ്ടുവന്നതിെൻറ പേരിൽ ഒറ്റ കാർഷിക ചന്തയും പൂട്ടിയിട്ടില്ല. മിനിമം താങ്ങുവില കൂട്ടുകയല്ലാതെ, കുറച്ചിട്ടില്ല. പഴയ കാർഷിക വിപണനരീതി തുടരേണ്ടവർക്ക് അതാകാം. കർഷകരുമായി ചർച്ച നടത്താനും ആവശ്യമായ മാറ്റങ്ങൾക്കും സർക്കാർ തയാറാണ്.
രാഷ്ട്രപതിയുടെ പാർലമെൻറ് പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്സഭയിൽ ഉപസംഹരിക്കുകയായിരുന്നു പ്രധാനമന്ത്രി. കർഷകർ സ്വാശ്രയത്വം നേടണം, കാർഷിക മേഖലയിൽ ആവശ്യമായ നിക്ഷേപം വരണം, നവീകരണം നടക്കണം തുടങ്ങിയ ലക്ഷ്യങ്ങളാണ് നിയമപരിഷ്കരണത്തിൽ ഉള്ളതെന്ന് മോദി വിശദീകരിച്ചു. ചോദിക്കാത്ത നിയമം എന്തിനു തരുന്നുവെന്ന പുതിയ പ്രചാരണം കൊണ്ടുവന്നിട്ടുണ്ട്.
സ്ത്രീധനവും മുത്തലാഖും നിരോധിക്കുന്ന നിയമം ആരും ചോദിച്ചിട്ടല്ല കൊണ്ടുവന്നത്. പുരോഗമനാശയ സമൂഹത്തിന് ആവശ്യമായതിനാൽ കൊണ്ടുവരുകയായിരുന്നു. പ്രതിപക്ഷം പാർലമെൻറ് തടസ്സപ്പെടുത്തുന്നത് ആസൂത്രിത തന്ത്രമാണ്. ജനം സത്യം അറിയുന്നത് ദഹിക്കുന്നില്ല. എന്നാൽ, ഇത്തരം കളികൊണ്ട് ജനവിശ്വാസം നേടാനാവില്ല. കോൺഗ്രസിനെപ്പോലെ പലവഴി ചിന്തിക്കുന്ന ആശയക്കുഴപ്പമുള്ള പാർട്ടി രാജ്യത്തിന് ഗുണം ചെയ്യില്ല.
അവർക്ക് രാജ്യസഭയിലും ലോക്സഭയിലും വ്യത്യസ്ത നിലപാടാണ്. കോവിഡിനെ നേരിട്ട രീതിക്കുശേഷം ലോകത്തിനുതന്നെ പ്രതീക്ഷയാണ് ഇന്ത്യ. ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ മഹനീയ സേവനങ്ങളെ ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി പ്രശംസിച്ചു. പ്രതിപക്ഷത്തിെൻറ അസാന്നിധ്യത്തിൽതന്നെ നന്ദിപ്രമേയം ലോക്സഭ പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയും പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.