രാഹുലിന്റെ അംഗത്വം വൈകിക്കുന്നത് ഭയന്നിട്ട് –പ്രതിപക്ഷം
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നിടത്തോളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നത് ഭയമാണെന്ന് കരുതേണ്ടിവരുമെന്ന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നത് ലോക്സഭയിലെ പ്രസംഗം തടയാൻ വേണ്ടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. രാഹുലിനെ മോദി ഭയക്കുന്നതുകൊണ്ടാണ് അംഗത്വം തിരികെ നൽകാൻ മടിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പരിഹസിച്ചു. അംഗത്വം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട സ്റ്റാലിൻ, മോദിയുടെ ഭയമാണ് ഇതിൽ നിന്ന് തടയുന്നതെന്നും കുറ്റപ്പെടുത്തി.
കാണാൻ അനുമതി നൽകാമെന്ന് ആദ്യം പറഞ്ഞ സ്പീക്കർ പിന്നീട് നിലപാട് മാറ്റിയെന്ന് കുറ്റപ്പെടുത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ഇതെന്തുകൊണ്ടാണെന്നും ചോദിച്ചു.
മണിപ്പൂർ കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി പാർലമെന്റിൽ എത്തുന്നില്ലെന്നും മോദിയെ പാർലമെന്റിൽ എത്തിക്കാനാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നും വേണുഗോപാൽ പറഞ്ഞു.
അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധി എം.പിയായി മാറിക്കഴിഞ്ഞു. സുപ്രീംകോടതി വിധി പറയുന്ന സമയത്ത് കേന്ദ്ര സർക്കാറിനെ പ്രതിനിധാനംചെയ്യുന്ന സോളിസിറ്റർ ജനറൽ കോടതിയിലുണ്ടായിരുന്നു. അതുകൊണ്ട് വിധിയെക്കുറിച്ച് അറിഞ്ഞില്ലെന്നു പറയാൻ അവർക്കു കഴിയില്ല.
മാത്രമല്ല, വിധിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെയുള്ള പകർപ്പ് ഞങ്ങൾ എത്തിച്ചുകൊടുത്തിട്ടുമുണ്ട്. അധീർ രഞ്ജൻ ചൗധരി സ്പീക്കറെ കാണാൻ അനുമതി തേടിയിരുന്നു. അനുമതി നൽകാമെന്നു പറയുകയും ചെയ്തു.
പക്ഷേ, കിട്ടിയില്ല. ഇതൊക്കെ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകും. അവര്‍ ബുദ്ധിയുള്ളവരാണ്. കാണാൻ അനുമതി നൽകാത്തതിനെ തുടർന്ന് ചൗധരി ഇ-മെയിലായിട്ടും സ്പീഡ് പോസ്റ്റായിട്ടും നേരിട്ടും സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് നൽകി. കൂടാതെ, അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ ജോയന്റ് സെക്രട്ടറിക്ക് ഉത്തരവിന്റെ പകര്‍പ്പ് നേരിട്ടു കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ എല്ലാ നടപടിക്രമങ്ങളും കോൺഗ്രസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ഒരു ജനപ്രതിനിധി രണ്ടു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ അയോഗ്യതയുണ്ടാകും.
അതു സ്വാഭാവികമാണ്. അതുപോലെ, കീഴ്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ അയോഗ്യത സ്വാഭാവികമായും മാറുകയും ചെയ്യും. അതായത്, രാഹുൽ ഗാന്ധി ഇപ്പോൾ എം.പി തന്നെയാണ്. ഇനി അതിന്റെ സാങ്കേതികമായ ചില നടപടികൾ മാത്രമാണ് നടക്കാനുള്ളത്. അതാണ് വൈകിപ്പിക്കുന്നത്.
സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈകിപ്പിക്കുന്നതിലൂടെ സ്പീക്കറും കേന്ദ്ര സർക്കാറും വയനാട്ടിലെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. സൂറത്ത് കോടതിവിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.