ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം: കടന്നുകയറ്റമെന്ന് ഇൻഡ്യ മുന്നണി
text_fieldsന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമം (ഡി.പി.ഡി.പി) പൗരന്റെ അറിയാനുള്ള അവകാശത്തെ പിടിച്ചുപറിക്കുന്നുവെന്ന് ഇൻഡ്യ മുന്നണി. ഡി.പി.ഡി.പി നിയമത്തിലെ സെക്ഷൻ 44 (3) വിവരാവകാശ നിയമത്തെ (ആർ.ടി.ഐ) തകർക്കാൻ പോന്നതാണ്. പൗരന്റെ അറിയാനുള്ള അവകാശത്തിനുമേൽ കടന്നുകയറുന്ന വകുപ്പ് റദ്ദുചെയ്യണമെന്നും വിവിധ കക്ഷി നേതാക്കൾ സംയുക്ത വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വകുപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ഇൻഡ്യ മുന്നണിയിലെ 120ലധികം എം.പിമാർ ഒപ്പിട്ട മെമ്മോറാണ്ടം വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിന് നൽകുമെന്നും കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
ആർ.ടി.ഐ നിയമത്തിലെ സെക്ഷൻ 8 (1) (ജെ) ഭേദഗതി ചെയ്യുന്ന ഡി.പി.ഡി.പി നിയമത്തിലെ സെക്ഷൻ 44 (3) വ്യക്തിഗത വിവരങ്ങൾ തടഞ്ഞുവെക്കാൻ അനുവദിക്കുന്നു. ഇതടക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം മാധ്യമസ്വാതന്ത്ര്യമടക്കം ഹനിക്കുന്നതാണ്. നിയമമനുസരിച്ച് ഡേറ്റ പ്രൊട്ടക്ഷൻ ബോർഡ് വിഭാവനംചെയ്യുന്നത് കേന്ദ്രീകൃത സ്വഭാവത്തോടെയാണെന്ന് ശിവസേന-യു.ബി.ടി എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു. ഇത് ഭാഷാപരമായ വേർതിരിവുണ്ടാക്കുമെന്നും എം.പി ചൂണ്ടിക്കാണിച്ചു.
ജെ.പി.സിയിൽ ഉയർന്ന നിർദേശങ്ങൾക്ക് കടകവിരുദ്ധമാണ് നിയമത്തിലെ വ്യവസ്ഥകൾ എന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.എം. അബ്ദുല്ല (ഡി.എം.കെ), ജാവേദ് അലി ഖാൻ (എസ്.പി), നവൽ കിഷോർ (ആർ.ജെ.ഡി) എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.