ഐക്യദാർഢ്യവുമായി പ്രതിപക്ഷനേതാക്കൾ ഫലസ്തീൻ എംബസിയിൽ
text_fieldsന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻഡ്യ സഖ്യത്തിലെ വിവിധ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിലെ ഫലസ്തീൻ എംബസിയിൽ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുവേണ്ടി അന്താരാഷ്ട്രസമൂഹം പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്ന സംയുക്ത ഐക്യദാർഢ്യ പ്രസ്താവന അവർ അംബാസഡർ അദ്നാൻ അബു അൽ ഹൈജക്ക് കൈമാറി.
ബി.എസ്.പിയിലെ ഡാനിഷ് അലി എം.പി, പാർലമെന്റ് മുൻ അംഗങ്ങളായ മണിശങ്കരയ്യർ, കെ.സി. ത്യാഗി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എം നേതാവ് നീലോൽപൽ ബസു, സി.പി.ഐ-എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സമാജ്വാദി പാർട്ടി എം.പി ജാവേദ് അലി ഖാൻ തുടങ്ങിയവരാണ് എംബസിയിലെത്തി അംബാസഡർ അദ്നാൻ അബു അൽ ഹൈജയെ കണ്ടത്. മനോജ് ഝാ എം.പി, മുഹമ്മദ് അഫ്സൽ, മുസഫർ ഷാ, സുഭാഷിണി അലി, സന്തോഷ് ഭാരതീയ, ജെന ശ്രീകാന്ത്, ഷാഹിദ് സിദ്ദീഖി, മുഹമ്മദ് അദീബ്, നദീം ഖാൻ തുടങ്ങിയവരും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഗസ്സയിലെ ജനതയോട് മനുഷ്യകാരുണ്യപരമായ സമീപനം ഉണ്ടാകുന്നതിന് ഇസ്രായേലിനുമേൽ സമ്മർദംചെലുത്താൻ ഇന്ത്യക്ക് സാധിക്കുമെന്നും അതിനായി ഇന്ത്യ നല്ല പങ്കുവഹിക്കുമെന്നും പ്രത്യാശിക്കുന്നതായി അംബാസഡർ പിന്നീട് പറഞ്ഞു.
ലോകമെങ്ങുമുള്ള ജനങ്ങൾക്കൊപ്പം ഫലസ്തീൻ ജനതക്കായി ശബ്ദമുയർത്തുകയാണ് ചെയ്തതെന്ന് നേതാക്കൾ വിശദീകരിച്ചു. സമാധാനത്തിനായി ശബ്ദമുയരണം. ഇതിനിടെ, ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ജന്തർമന്തറിൽ പ്രകടനം നടത്തിയ നിരവധിപേരെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു നീക്കി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും മറ്റുമാണ് പ്രതിഷേധ ആഹ്വാനം നൽകിയത്. പ്രതിഷേധ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.