ബി.ജെ.പിയിൽ ചേരാൻ പ്രതിപക്ഷ നേതാക്കൾ നിർബന്ധിതരാകുന്നു - സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെയും ജനാധിപത്യത്തേയും തകർക്കുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ നേതാക്കളെ തങ്ങൾക്കൊപ്പം ചേരാൻ ബി.ജെ.പി നിർബന്ധിക്കുകയാണെന്നും സോണിയ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ ജയ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
ഇന്ന് നമ്മുടെ രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണ്. ജനാധിപത്യ സ്ഥാപനങ്ങൾ തകർപ്പെടുകയും രാജ്യത്തിന്റെ ഭരണഘടനയെ തിരുത്തിയെഴുതാനുള്ള ഗൂഢാലോചനകൾ പുരോഗമിക്കുകയുമാണ്. കഴിഞ്ഞ പത്ത് വർഷക്കാലമായി രാജ്യത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, അനീതി, അസമത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാം കേന്ദ്ര സർക്കാർ ചെയ്തു. മോദി സർക്കാർ ചെയ്തതെല്ലാം നമുക്ക് മുന്നിലുണ്ട്, സ്വയം എല്ലാം തികഞ്ഞ നേതാവെന്ന് വിശേഷിപ്പിക്കുന്നതിനിടയിൽ മോദി രാജ്യത്തിന്റെ അഭിമാനത്തേയും ജനാധിപത്യത്തേയും തകർക്കുകയാണ്, സോണിയ ഗാന്ധി പറഞ്ഞു.
ഡൽഗി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ അറസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ മോദി ഭരണത്തിന് കീഴിൽ ആക്രമിക്കപ്പെടുകയാണെന്ന പരാമർശവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയത്. ഹിസേദാരി ന്യായ്, കിസാൻ ന്യായ്, യുവ ന്യായ്, നാരീ ന്യായ്, ശ്രമിക് ന്യായ് എന്ന് അഞ്ച് നീതി (പാഞ്ച് ന്യായ്) നടപ്പാക്കാനാണ് 25 ഉറപ്പുകൾ (പച്ചീസ് ഗാരന്റി). രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു. ബി.ജെ.പിയിൽ ചേർന്ന് നിയമ നടപടികളിൽനിന്ന് രക്ഷപ്പെട്ടവർക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുമെന്ന ഉറപ്പും ‘നീതിപത്ര’ത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.