പാർലമെന്റിലും ആളി സംഭൽ; പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാർ
text_fieldsന്യൂഡൽഹി: സംഭൽ ജമാ മസ്ജിദ് സർവേ നടത്തുന്നതിൽ പ്രതിഷേധിച്ച നാല് മുസ്ലിം യുവാക്കളെ വെടിവെച്ചുകൊന്ന സംഭവം മറ്റ് അജണ്ടകൾ നിർത്തിവെച്ച് ലോക്സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം എം.പിമാർ രംഗത്തുവന്നതോടെ സംഭൽ വർഗീയ സംഘർഷം പാർലമെന്റിലും കത്തിപ്പടർന്നു. കോൺഗ്രസ്, സമാജ് വാദി പാർട്ടി, മുസ്ലിം ലീഗ് എം.പിമാരാണ് സംഭൽ ഉന്നയിച്ച് രംഗത്തുവന്നത്. കേരളത്തിൽനിന്ന് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയപ്പോൾ രാജ്യസഭാ ചട്ടം 267 പ്രകാരം രാജ്യസഭയിൽ അഡ്വ. ഹാരിസ് ബീരാൻ എം.പിയും നോട്ടീസ് നൽകി.
തമിഴ്നാട്ടിൽനിന്നുള്ള മുസ്ലിം ലീഗ് കെ. നവാസ് കനിയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി എം.പിമാരും നോട്ടീസ് നൽകിയതിനു പുറമെ, സമാജ് വാദി പാർട്ടി എം.പിമാർ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയെ കണ്ടു. സംഭൽ വർഗീയ സംഘർഷം ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട എസ്.പി എം.പിമാർ കലാപം ശമിപ്പിക്കാൻ പരിശ്രമിച്ച സംഭൽ എം.പി സിയാഉർറഹ്മാൻ ബർഖിനെ പ്രതിയാക്കിയതിലുള്ള പ്രതിഷേധം അറിയിച്ചു. ലോക്സഭയിൽ സ്പീക്കർ ചെയറിലെത്തിയ ഉടൻ സമാജ്വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവും കോൺഗ്രസിന്റെ ഇംറാൻ മസൂദും സംഭൽ ചർച്ചയാവശ്യപ്പെട്ട് എഴുന്നേറ്റു. മറ്റ് ഇൻഡ്യ എം.പിമാരും ഇവർക്കൊപ്പം ചേർന്നെങ്കിലും സ്പീക്കർ ചർച്ച അനുവദിച്ചില്ല.
സംഭൽ സംഘർഷമുന്നയിച്ച് പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ച ശേഷം മുസ്ലിം ലീഗ് എം.പിമാർ വിജയ് ചൗക്കിൽ വാർത്തസമ്മേളനം നടത്തി. മസ്ജിദ് കൈയേറ്റത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് യോഗി ആദിത്യനാഥ് സർക്കാറിന്റെ എല്ലാ ആശീർവാദവും ഉണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംഭലിൽ സർക്കാർ സ്പോൺസേഡ് കലാപമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: യു.പിയിലെ സംഭൽ ശാഹി ജമാ മസ്ജിദിൽ സർവേയുടെ പേരിൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ബി.ജെ.പി നീക്കത്തിൽ എത്രയുംവേഗം സുപ്രീംകോടതി ഇടപെടണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഹിന്ദു- മുസ്ലിം ഭിന്നിപ്പുണ്ടാക്കാൻ ബി.ജെ.പി അധികാരം ഉപയോഗിച്ചത് സംസ്ഥാനത്തിനോ രാജ്യത്തിനോവേണ്ടിയല്ല. സംസ്ഥാന സർക്കാറിന്റെ പക്ഷപാതപരവും തിടുക്കത്തിലുള്ളതുമായ സമീപനം ദൗർഭാഗ്യകരമാണ്. നാലുപേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് ബി.ജെ.പി സർക്കാർ നേരിട്ട് ഉത്തരവാദിയാണ്. സമാധാനത്തിനും പരസ്പര സൗഹാർദത്തിനുമാണ് കോൺഗ്രസ് ഊന്നൽ കൊടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥ് സർക്കാർ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. സംസ്ഥാന സർക്കാർ സമീപനം ദൗർഭാഗ്യകരമാണ്. ഇരു കക്ഷികളെയും വിശ്വാസത്തിലെടുക്കാതെ, സർക്കാർ തന്നെ അവിടത്തെ അന്തരീക്ഷം കലാപമുഖരിതമാക്കി. അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമർത്തലും ഭിന്നിപ്പും പ്രചരിപ്പിക്കുന്നത് ജനതാൽപര്യത്തിനോ രാജ്യതാൽപര്യത്തിനോവേണ്ടിയല്ല. നീതിപുലരാൻ സുപ്രീംകോടതി ഇടപെടണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ് സർക്കാറാണ് സംഭലിൽ കലാപം സംഘടിപ്പിച്ചതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ മറച്ചുവെക്കാനാണ് കലാപമുണ്ടാക്കിയത്. നാലുപേരുടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെയും സർക്കാർ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്നും അവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന ബി.ജെ.പി സമാന തന്ത്രംതന്നെയാണ് സംഭലിലും പരീക്ഷിക്കുന്നതെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചു. യു.പിയിലെ സംഭവങ്ങൾ പരിതാപകരമാണ്. യോഗി ആദിത്യനാഥ് സർക്കാർ പൊലീസിനെയും ഭരണത്തെയും അഴിച്ചുപണിയുന്നത് കാണുന്നുണ്ട്. എന്നാൽ, ഒരിക്കലും അതു നിയമവാഴ്ചയുമായി ബന്ധപ്പെട്ടാണ് ചെയ്യുന്നതെന്ന് തോന്നുന്നില്ലെന്ന് തേജസ്വി ആരോപിച്ചു.
സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഭലിലെ കലാപമെന്ന് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പ്രതികരിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് പ്രവർത്തകർ തിങ്കളാഴ്ച ലഖ്നോവിൽ ‘നിശ്ശബ്ദ പ്രതിഷേധം’ ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.